LiveTV

Live

Kerala

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

സി.പി.എം - കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ‍ പൊലീസിന്‍റെ നിഗമനം. കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു.

 കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആര്‍

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് എഫ്.ഐ.ആര്‍. സി.പി.എം - കോണ്‍ഗ്രസ് പ്രാദേശിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ‍ പൊലീസിന്‍റെ നിഗമനം. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍ നിന്ന് കൃപേഷിന് നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി ബന്ധു പറഞ്ഞു.

അയല്‍ ജില്ലകളിലെ രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാരും പറഞ്ഞു. കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈം ഡിറ്റാച്മെന്റ് ഡി.വൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. തലച്ചോറ് പിളര്‍ന്ന് തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശരത്തിന്റെ ശരീരത്തില്‍ 15 വെട്ടുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മരണകാരണം ആയിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊലപാതകത്തില്‍‌ പ്രതിഷേധിച്ച് കാസർകോട് ജില്ലയില്‍ യു.ഡി.എഫ് ഹർത്താല്‍ ആചരിക്കുകയാണ്. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലും പുരോഗമിക്കുകയാണ്. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു.

പ്രദേശത്തെ പെരുങ്കളിയാട്ടത്തിന്റെ സംഘാടക സമിതി യോഗം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇരുവരും കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കവേ ജീപ്പിലെത്തിയ സംഘം തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു, കൃപേഷ് ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരിച്ചു. ശരത് ലാലിനെ ഗുരുതര പരിക്കുകളോടെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.