LiveTV

Live

Kerala

പെരുമ്പാവൂര്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

പ്രാര്‍ഥനക്കായി എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു.

പെരുമ്പാവൂര്‍ പള്ളിയില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

എറണാകുളം പെരുമ്പാവൂര്‍ ബഥേല്‍ സുല്ലോക്ക പള്ളിയില്‍ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. പ്രാര്‍ഥനക്കായി എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഇന്ന് രാവിലെ പ്രാര്‍ഥനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പള്ളിയുടെ ഗേറ്റ് അകത്ത് നിന്ന് പൂട്ടി യാക്കോബായ വിഭാഗം ഓര്‍ത്തഡോക്സ് വിഭാഗത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച കോടതിയുടെ അനുകൂല ഉത്തരവുമായി പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തല്‍സ്ഥിതി തുടരാന്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.