LiveTV

Live

Kerala

‘ഫോട്ടോ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തത്; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

‘ഫോട്ടോ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തത്; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോയെടുത്ത വിവാദത്തില്‍ വിശദീകരണവുമായി ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഫോട്ടോ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് എന്നാണ് കണ്ണന്താനത്തിന്റെ വിശദീകരണം. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് സംപ്രേക്ഷണം ചെയ്ത മാധ്യമങ്ങൾ പരിശോധിച്ചാല്‍ കാര്യങ്ങൾ വ്യക്തമാകുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ജവാന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ അല്‍ഫോന്‍സ് കണ്ണന്താനം പിന്നീട് പോസ്റ്റ് പിന്‍വലിച്ചിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണ പോസ്റ്റ്

കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.

എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത്.