LiveTV

Live

Kerala

സിസ്റ്റർ ലൂസിക്ക് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്; പുറത്താക്കുമെന്ന് ഭീഷണി

അച്ചടക്കം ലംഘിച്ചാൽ സന്യാസ സമൂഹത്തിൽ നിന്നും പുറത്താകേണ്ടി വരുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ്. ലൂസി നൽകിയ മറുപടി തൃപ്തികരമല്ലെന്നും...

സിസ്റ്റർ ലൂസിക്ക് വീണ്ടും കാരണം കാണിക്കൽ  നോട്ടീസ്; പുറത്താക്കുമെന്ന് ഭീഷണി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. അച്ചടക്കം ലംഘിച്ചാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്ന മുന്നറിയിപ്പോട് കൂടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികാര നടപടിയാണ് സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് സിസ്റ്റര്‍ ലൂസി മീഡിയവണിനോട് പ്രതികരിച്ചു.

ഇത് മൂന്നാമത്തെ തവണയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. അച്ചടക്കം ലംഘിച്ചാൽ സന്യാസ സമൂഹത്തിൽ നിന്നും പുറത്താകേണ്ടി വരുമെന്ന മുന്നറിയിപ്പോടു കൂടിയാണ് പുതിയ കാരണം കാണിക്കൽ നോട്ടീസ്. കാർ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും മദര്‍ സുപ്പീരിയറിന്‍റെ അനുമതി ഇല്ലാതെയാണ്. രാത്രി വൈകി മുറിയിലെത്തുന്നത് ശീലമാക്കി. ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ മാധ്യമപ്രവര്‍ത്തകയെ ഒരു രാത്രി മുറിയിൽ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു. മുൻ വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നൽകിയതെന്നും കത്തിൽ പറയുന്നു.

പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും സഭയുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടിയാണ് ഉണ്ടാവുന്നതെന്നും സിസ്റ്റർ ലൂസി പ്രതികരിച്ചു. സഭാനിയമങ്ങള്‍ ലംഘിച്ചു, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കി സഭയെ വെല്ലുവിളിച്ച് ഇഷ്ടമുളളത് പ്രവര്‍ത്തിക്കുന്നു, ജീവിത ചര്യകളും പ്രവര്‍ത്തനങ്ങളും തിരുത്താന്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ഇതൊരു മുന്നറിയിപ്പായി കാണണമെന്നും ഇനി ഏതെങ്കിലും തരത്തില്‍ അച്ചടക്കലംഘനം ഉണ്ടായാല്‍ കന്യാസ്ത്രീ സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്നും മദര്‍ സുപ്പീരിയറിന്റെ പേരിലുളള കത്തില്‍ പറയുന്നു.