LiveTV

Live

Kerala

എയര്‍ കേരള പദ്ധതി പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി

പ്രവാസി പ്രശ്‌നങ്ങളില്‍ അനുകൂല നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

എയര്‍ കേരള പദ്ധതി പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി

നേരത്തെ ഉപേക്ഷിച്ച എയര്‍ കേരള പദ്ധതി പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുക. ദുബൈയില്‍ ലോക കേരളാസഭ സമ്മേളനത്തിന്റെ പ്രതിനിധി ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം സമാപിച്ചു.

പ്രവാസി പ്രശ്‌നങ്ങളില്‍ അനുകൂല നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ദുബായില്‍ മലയാളി സാംസ്‌കാരിക സംഘടന രൂപവത്കരിക്കാനും മുഖ്യമന്ത്രി അനുമതി തേടി.

കഴിഞ്ഞ വർഷം രൂപം നൽകിയ ലോക കേരള സഭയുടെ സംസ്ഥാനത്തിനു പുറത്തു നടക്കുന്ന ആദ്യ സമ്മേളനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭിന്നതകൾ മാറ്റി നിർത്തി പ്രതിപക്ഷ നിരയിലെ നിരവധി എം.എൽ.എമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചകൾക്കുപരി ശക്തമായ നടപടികളാണ് പ്രവാസി പ്രശ്നങ്ങളിൽ ഉണ്ടാകേണ്ടതെന്ന്
പാറക്കൽ അബ്ദുല്ല എം.എൽ.എ പറഞ്ഞു.

വൈകിയാണെങ്കിലും പ്രവാസി പ്രശ്നങ്ങളിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ആഹ്ലാദകരമാണെന്ന് സാമ്പത്തിക വിദഗ്ധൻ കെ.വി ശംസുദ്ദീൻ പറഞ്ഞു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന്
ലോകകേരള സഭയുടെ ഭാഗമായി ദുബൈ ഇത്തിസലാത്ത്
അക്കാദമിയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഉപസമിതി റിപ്പോർട്ടുകളുടെ അവതരണവും ലോക കേരള സഭയുടെ ഭാവി നടപടികൾ സംബന്ധിച്ച ചർച്ചയുമാണ് സമാപന ദിവസമായ ഇന്ന്
പ്രധാനമായും നടക്കുക.