LiveTV

Live

Kerala

എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; കാനം നയിക്കുന്ന ജാഥ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും  

എല്‍.ഡി.എഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം; കാനം നയിക്കുന്ന ജാഥ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും  

എല്‍.ഡി.എഫ് നടത്തുന്ന കേരള യാത്രയുടെ വടക്കന്‍ മേഖല ജാഥ ഇന്ന് കാസർകോട് നിന്നും ആരംഭിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന യാത്ര സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകീട്ട് മഞ്ചേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുക.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടു കൊണ്ടാണ് എല്‍.ഡി.എഫിന്റെ കേരള യാത്രയുടെ വടക്കന്‍ മേഖല ജാഥ ഇന്നാരംഭിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, സി.പി.ഐ നേതാവ് അഡ്വ. പി വസന്തം, തുടങ്ങിയവരും, എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കളും അംഗങ്ങളായിരിക്കും.

രണ്ട് ദിവസമാണ് യാത്ര കാസർകോട് ജില്ലയില്‍ പര്യടനം നടത്തുക, ഉദ്ഘാടന ദിവസമായ ഇന്ന് യാത്ര കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും, രണ്ടാം ദിവസമായ നാളെ ചട്ടഞ്ചാലിലാണ് യാത്രയുടെ ആദ്യ സ്വീകരണം. വൈകീട്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവിലെ സ്വീകരണത്തോടെ കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാകും.