LiveTV

Live

Kerala

കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് 

തലശ്ശേരി പോക്സോ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ബാക്കി 6 പ്രതികളെ കോടതി വെറുതെ വിട്ടു. കൊട്ടിയൂര്‍ നീണ്ടുനോക്കി പളളി വികാരിയായിരുന്നു ഫാദര്‍...

കൊട്ടിയൂര്‍ പീഡനക്കേസ്;  ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് 

കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് അറുപത് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും. തടവ് ഇരുപത് വര്‍ഷമായി ഒന്നിച്ചനുഭവിക്കാനും പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിലെ മറ്റ് ആറ് പ്രതികളെയും വെറുതെ വിട്ടു.

ഐ.പി.സി 376 , പോക്‌സോ വകുപ്പ് സെക്ഷന്‍ മൂന്ന്, അഞ്ച് എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായാണ് റോബിന്‍ വടക്കും ചേരിക്ക് തലശേരി പോക്‌സോ കോടതി അറുപത് വര്‍ഷത്തെ തടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. തടവ് ശിക്ഷ ഇരുപത് വര്‍ഷമായി ഒന്നിച്ച് അനുഭവിക്കാനും പിഴ സംഖ്യ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന് സംരക്ഷണം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. വിചാരണക്കിടെ കൂറ് മാറിയ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെ തിരെ നടപടിയെടുക്കാനും ഇതിന് മുന്നോടിയായി ഇവരെ നോട്ടീസ് അയച്ച് വിളിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, ആറ് മുതല്‍ പത്ത് വരെ പ്രതികളായ സി. ലിസ് മരിയ, സി. അനീറ്റ, ഫാ.തോമസ് ജോസഫ് തേരകം, സി.ബെറ്റി ജോസ്, സി.ഒഫീലിയ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.

പളളിമുറിയില്‍ കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പത്ത് പ്രതികളായിരുന്ന കേസില്‍ ആകെയുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുളള ഏഴ് പേരാണ് വിചാരണ നേരിട്ടത്.

കഴിഞ്ഞ ആഗസ്ത് ഒന്നിനാണ് കേസിന്റെ വിചാരണ തലശ്ശേരി പോക്സോ കോടതിയില്‍ ആരംഭിച്ചത്. 54 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തിരുന്നു.

കേസിന്റെ വിചാരണക്കിടെ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറ് മാറിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധം നടന്നതെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. 2017 ഫെബ്രുവരി ഏഴിനാണ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്. ഫെബ്രുവരി 27ന് അറസ്റ്റിലായ വൈദികന്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്.