LiveTV

Live

Kerala

കൊട്ടിയൂര്‍ പീഡന കേസില്‍ നിര്‍ണായകമായത് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും ശക്തമായ നിലപാടുകള്‍

വിചാരണ വേളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളുമടക്കമുളള സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി...

കൊട്ടിയൂര്‍ പീഡന കേസില്‍ നിര്‍ണായകമായത് പൊലീസിന്റേയും പ്രോസിക്യൂഷന്റേയും ശക്തമായ നിലപാടുകള്‍

പൊലീസും പ്രോസിക്യൂഷനും സ്വീകരിച്ച ശക്തമായ നിലപാടുകളാണ് കൊട്ടിയൂര്‍ പീഡന കേസില്‍ നിര്‍ണായകമായത്. ഇരയായ പെണ്‍കുട്ടിയും കുടുംബാംഗങ്ങളുമടക്കം കൂറുമാറിയിട്ടും കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലം കേസിനുണ്ടായിരുന്നു.

Also read: കൊട്ടിയൂര്‍ പീഡനക്കേസ്; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ് 

പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയം മുതല്‍ എല്ലാം രഹസ്യമാക്കിവെക്കാനുളള ആസൂത്രണം ഫാ.റോബിന്‍ വടക്കുംചേരി നടത്തിയിരുന്നു. എന്നാല്‍ സംഭവം പുറത്തറിഞ്ഞതോടെ കാനഡയിലേക്ക് മുങ്ങാന്‍ വൈദികന്‍ ശ്രമിച്ചു. അന്നത്തെ പേരാവൂര്‍ സി.ഐ ആയിരുന്ന സുനില്‍ കുമാറിന്റെയും എസ്.ഐ ജോണിന്റെയും നേതൃത്വത്തിലുളള പൊലീസ് സംഘം നടത്തിയ തന്ത്രപൂര്‍വ്വമായ നീക്കമാണ് റോബിന്‍ വടക്കുംചേരിയുടെ അറസ്റ്റിലേക്ക് നയിച്ചത്.

പത്ത് പ്രതികളാണ് കേസില്‍ ആകെയുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ പ്രസവം നടന്ന ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്ററും ഡോക്ടര്‍മാരും അടക്കമുളള മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയതോടെ പ്രതികളുടെ എണ്ണം ഏഴായി. വിചാരണ വേളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയും മാതാപിതാക്കളുമടക്കമുളള സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായി.

എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകളടക്കമുളള ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. രണ്ട് മുതല്‍ ഏഴ് വരെയുളള പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുളള ഒരുക്കത്തിലാണ് പ്രോസിക്യൂഷന്‍.