LiveTV

Live

Kerala

കലഹം പരിഹരിക്കാനാവാതെ ബി.ജെ.പി; പ്രശ്നം സങ്കീർണമാക്കരുതെന്ന് ദേശീയ നേതൃത്വം  

പ്രസിഡന്റിനെതിരെ ഗ്രൂപ്പുകൾ, അമിത് ഷായെ കാണാനുറച്ച് ഗ്രൂപ്പുകൾ

കലഹം പരിഹരിക്കാനാവാതെ ബി.ജെ.പി; പ്രശ്നം സങ്കീർണമാക്കരുതെന്ന് ദേശീയ നേതൃത്വം  

ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ കലഹം പരിഹരിക്കാനാവാതെ കേന്ദ്ര നേതൃത്വം. കഴിഞ്ഞ ദിവസം കോർ കമ്മിറ്റി യോഗത്തിനെത്തിയ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മുരളീധര റാവു അച്ചടക്കത്തിന്റെ വാളോങ്ങിയിട്ടും ഫലിച്ചില്ല. തെരഞ്ഞടുപ്പടുത്ത സാഹചര്യത്തിൽ മുരളീധര പക്ഷം കോർകമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടിക്ക് ക്ഷീണമായി.

സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയെച്ചൊല്ലി തല്ല് പരസ്യമായതോടെ സംസ്ഥാന പ്രസിഡന്റ് മലക്കം മറിഞ്ഞു. പക്ഷേ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാനുറച്ചാണ് മുരളീധര പക്ഷം. പ്രശ്നങ്ങൾ സങ്കീർണമാകാതെ പരിഹരിക്കണമെന്ന് അഖിലേന്ത്യാ ജനറൽസെക്രട്ടറി മുരളീധര റാവു ആവശ്യപ്പെട്ടെങ്കിലും ഫലിച്ചില്ല. ഇതോടെ കേന്ദ്ര നേതാക്കളും കുഴങ്ങി. സംസ്ഥാനത്ത് പാർട്ടിക്കാര്യങ്ങളിൽ മതിയായ കൂടിയാലോചനകളില്ലെന്നതാണ് മുരളീധര പക്ഷത്തിന്റെയും കൃഷ്ണദാസ് പക്ഷത്തിന്റെയും പരാതി. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ അടുത്തയാഴ്ച സംസ്ഥാനത്ത് എത്തുന്ന ദേശീയ അധ്യക്ഷൻ അമിത്ഷായെ കാണാനാണ് തീരുമാനം. ആർ.എസ്.എസ് തയ്യാറാക്കിയ സാധ്യതാ പട്ടിക പോലും പരിഗണിച്ചില്ലെന്ന പരാതി കേന്ദ്ര നേതൃത്വം ഗൌരവത്തിലെടുക്കുമെന്നാണ് ഗ്രൂപ്പുകളുടെ പ്രതീക്ഷ. എന്നാൽ പാർട്ടിയിൽ സ്വാധീനമുറപ്പിക്കാനുള്ള മുരളീധര പക്ഷത്തിന്റെ നീക്കത്തെ തടുക്കാനാണ് പ്രസിഡന്റ് പക്ഷത്തുള്ളവരുടെ നീക്കം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രശ്നം രൂക്ഷമാകാതെ പരിഹരിക്കാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്.