LiveTV

Live

Kerala

ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന്‍ മോഷണം

ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിന്‍റെ സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

ആലുവയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് വന്‍ മോഷണം

ആലുവ അത്താണിയിൽ അർധരാത്രി വനിതാ ഡോക്ടറെ തടഞ്ഞുവെച്ച് 100 പവൻ സ്വര്‍ണവും 70,000 രൂപയും കവർന്നു. ഇന്ന് പുലർച്ചെ 2.30ഓടെയാണ് സംഭവം. ചെങ്ങമനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗ്രേസ് മാത്യൂസിനെയാണ് പൊട്ടിയ കുപ്പി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്നത്.

മുഖംമൂടി ധരിച്ച രണ്ട് മോഷ്ടാക്കളാണ് അത്താണി കെ.എസ്.ഇ.ബിക്ക് സമീപം റോഡരികിലുള്ള ഡോക്ടറുടെ വീട്ടിൽ കയറി കവർച്ച നടത്തിയത്. വീടിന്റെ പുറകിലെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് തിക്കി തുറന്നാണ് അകത്ത് കടന്നത്. വീട് മുഴുവൻ പരിശോധന നടത്തി പണം കൈക്കലാക്കിയ സംഘം ഉറങ്ങുകയായിരുന്ന ഡോക്ടറുടെ മുറിയിൽ കടന്നു. മദ്യകുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടര്‍ ധരിച്ച ആഭരണങ്ങൾ അഴിച്ചെടുത്തു. വിവാഹാവശ്യത്തിന് ലോക്കറിൽ നിന്നെടുത്ത 70 പവനിലധികം വരുന്ന സ്വർണാഭരണങ്ങളും ഇവര്‍ ചാക്കിലാക്കി.

ഇതിനിടെ ഡോക്ടര്‍ ലൈറ്റിട്ടതോടെ മോഷ്ടാക്കൾ ഓടി ഒളിക്കുകയായിരുന്നു .തൊട്ടടുത്ത വീട്ടിൽ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഭർത്താവ് വിദേശത്തുള്ള ഡോക്ടർ പലപ്പോഴും ഒറ്റക്കാണ് താമസം. മകൻ നാവിക സേനയിലാണ്. റൂറൽ എസ്.പിയടക്കമുള്ളവർ സ്ഥലത്തെത്തി അനേഷണം ആരംഭിച്ചു.