LiveTV

Live

Kerala

ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി

യു.ഡി.എഫ് പിന്തുണയോടെയാണ് ആര്‍.എം.പി പഞ്ചായത്ത് ഭരിക്കുന്നത്.

ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍.എം.പി നിലനിര്‍ത്തി

ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടം നടന്ന ഒഞ്ചിയത്ത് സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പിച്ച് ആര്‍.എം.പി പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മികച്ച വിജയം നേടി.

സി.പി.എമിലെ രാജാറാം തൈപ്പള്ളിയെ 308 വോട്ടുകള്‍ക്കാണ് ആര്‍.എം.പിയിലെ പി.ശ്രീജിത്ത് തോല്‍പ്പിച്ചത്. അഞ്ചാം വാര്‍ഡ് നിലനിര്‍ത്തിയതോടെ ഒഞ്ചിയം പഞ്ചായത്ത് ആര്‍.എം.പി തന്നെ ഭരിക്കും. യു.ഡി.എഫ് പിന്തുണയോടെ യാണ് ആര്‍.എം.പി പഞ്ചായത്ത് ഭരിക്കുന്നത്.

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂര്‍ ഡിവിഷനാണ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ഇതോടെ പതിനഞ്ച് സീറ്റുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ട് സീറ്റുകളായി. 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ഥി ബാബുരാജ് വിജയിച്ചത്.

പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡിലേക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിപിന്‍ വി.എസ് 421 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ശരവണന്‍ അവിശ്വാസ പ്രമേയത്തിന്റെ തലേ ദിവസം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ബി.ജെ.പി ഭരിക്കുന്ന നഗരസഭക്കെതിരെ വീണ്ടും അവിശ്വാസംകൊണ്ട് വരുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.