തെരഞ്ഞെടുപ്പ് നടക്കുന്നത് ലോക്സഭയിലേക്ക്, പഞ്ചായത്തിലേക്കല്ല: വയനാട് മണ്ഡലം, യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് എതിരെ ലീഗ് നേതാവ് പി. കെ ബഷീര്‍
വയനാട്ടില്‍ പുറത്ത് നിന്നുള്ളവര്‍ക്കും മത്സരിക്കാം. ലീഗ് വയനാട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പി.കെ ബഷീര്‍

വയനാട് മണ്ഡലം, യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിന് എതിരെ ലീഗ് നേതാവ് പി. കെ ബഷീര്‍. വയനാട്ടില്‍ പുറത്ത് നിന്നുള്ളവര്‍ക്കും മത്സരിക്കാം. ലോക്സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും പഞ്ചായത്തിലേക്കല്ലെന്നും പി. കെ ബഷീര്‍ പറഞ്ഞു. ലീഗ് വയനാട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പി.കെ ബഷീര്‍ എം.എല്‍.എ വ്യക്തമാക്കി.
വയനാട് മണ്ഡലത്തില്‍ മലബാറിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ലോക്സഭയിലേക്കാണെന്നും പഞ്ചായത്തിലേക്കല്ലെന്നുമായിരുന്നു ഈ പ്രമേയത്തെ കുറിച്ചുള്ള ചോദ്യത്തിന് പി.കെ ബഷീറിന്റെ മറുപടി. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയില്ല. പാര്‍ട്ടികള്‍ തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കായിരിക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യുക. വയനാട് ചോദിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടില്ല. കൂടുതല്‍ സീറ്റ് ചോദിക്കുന്നതടക്കമുള്ളവയില് പാര്‍ട്ടി തീരുമാനമെടുത്ത ശേഷം യു.ഡി.എഫില്‍ അവതരിപ്പിക്കുമെന്നും പി.കെ ബഷീര്‍ വിശദീകരിച്ചു
വയനാട് മണ്ഡലത്തില്‍ മലബാറില്‍ നിന്ന് പുറത്തുള്ളവര്‍ സ്ഥാനാര്‍ഥികളായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യമായി പ്രമേയം അവതരിപ്പിക്കുന്നത് കെ.പി.സി.സി അംഗീകരിക്കില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറയാനുള്ള വേദിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ കോഴിക്കോട് ഡി.സി.സി തള്ളിയിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് എല്ലാ കാലത്തും നിലപാട് സ്വീകരിക്കാറുണ്ടെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ പ്രതികരണം.
വയനാട് ലോക്സഭാ സീറ്റില്‍ മലബാറിന് പുറത്തുള്ള സ്ഥാനാര്‍ഥി വേണ്ടെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയം. യൂത്ത് കോണ്‍ഗ്രസ് ആവശ്യം അവഗണിച്ചാല്‍ വയനാട്ടിലെ ഫലം മറിച്ചാകുമെന്നും പ്രമേയത്തിലുണ്ടായിരുന്നു. എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം വിളിച്ചുചേര്‍ത്ത വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയുടെ യോഗത്തിലാണ് പ്രമേയം പാസ്സാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് കെ. അജ്മല്‍ അവതരിപ്പിച്ച പ്രമേയത്തില്‍ മലബാറിലെ നേതാക്കളെ വയനാട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.