LiveTV

Live

Kerala

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആഘാതമായി ഒഞ്ചിയത്തെ ഫലം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മികച്ച വിജയം നേടിയത് യു.ഡി.എഫ് ക്യാമ്പിന് ആഹ്ലാദം നല്‍കി.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആഘാതമായി ഒഞ്ചിയത്തെ ഫലം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ, ഒഞ്ചിയത്തെ ഫലം വടകരയിൽ എൽ.ഡി.എഫിന് ആഘാതമായി. ഒഞ്ചിയത്ത് സി.പി.എമ്മിനെ തോൽപിച്ച് ആർ.എം.പി പഞ്ചായത്ത് ഭരണം നിലനിർത്തി. മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തത് ആശ്വാസമായി. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മികച്ച വിജയം നേടിയതാണ് യു.ഡി.എഫ് ക്യാമ്പിലെ ആഹ്ലാദം.

വാശിയേറിയ പോരാട്ടം നടന്ന ഒഞ്ചിയത്ത് സി.പി.എമ്മിലെ രാജാറാം തൈപ്പള്ളിയെ 308 വോട്ടുകൾക്കാണ് ആർ.എം.പിയിലെ പി. ശ്രീജിത്ത് തോൽപ്പിച്ചത്. 5-ആം വാർഡ് നിലനിർത്തിയതോടെ ഒഞ്ചിയം പഞ്ചായത്ത് ആർ.എം.പി തന്നെ ഭരിക്കും. യു.ഡി.എഫ് പിന്തുണയോടെയാണ് ആര്‍.എം.പി പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.എമ്മിന് ഇത് വലിയ ആഘാതമായി.

തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ ഡിവിഷനാണ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. ഇതോടെ പതിനഞ്ച് സീറ്റുകളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 8 സീറ്റുകളായി. 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ഥി ബാബുരാജ് വിജയിച്ചത്. പാലക്കാട് നഗരസഭയിലെ രണ്ടാം വാര്‍ഡിലേക്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിപിന്‍ വി.എസ് 421 വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്.

കോണ്‍ഗ്രസ് കൌണ്‍സിലറായിരുന്ന ശരവണന്‍ അവിശ്വാസ പ്രമേയത്തിന്റെ തലേ ദിവസം രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ബി.ജെ.പി ഭരിക്കുന്ന നഗരസഭക്കെതിരെ വീണ്ടും അവിശ്വാസം കൊണ്ട് വരുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.