LiveTV

Live

Kerala

ശബരിമല: സംഘ്പരിവാര്‍ ഹര്‍ത്താലുകളില്‍ 99 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു

തകര്‍ന്ന ബസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം പിന്നെയും കൂടി.

ശബരിമല: സംഘ്പരിവാര്‍ ഹര്‍ത്താലുകളില്‍ 99 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ത്തു

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുകളില്‍ 99 ബസുകള്‍ തകര്‍ക്കപ്പെട്ടുവെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍. 3.35 കോടി രൂപയുടെ നഷ്ടമുണ്ടായി. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്നും നഷ്ടം കണക്കാക്കാന്‍ ക്ലെയിം കമ്മീഷന്‍ രൂപീകരിക്കണമെന്നും കോര്‍പ്പറേഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

അക്രമത്തില്‍ തകര്‍ന്ന ബസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നഷ്ടം പിന്നെയും കൂടുമെന്നാണ് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഹര്‍ത്താലില്‍ പൊതുജനങ്ങളുടെ യാത്രാസ്വാതന്ത്ര്യം തടയപെട്ടു. ഇതിന് ഉത്തരവാദികള്‍ക്കെതിരെ നടപടി വേണം. കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം കണക്കാക്കി ഈടാക്കാന്‍ സിറ്റിങ്ങ് സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം കമ്മീഷന്‍ രൂപീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നു.

ജനുവരി മൂന്നിനുണ്ടായ ഹര്‍ത്താലിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ സത്യവാങ്മൂലം.

ഹര്‍ജിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല, ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍ എം.എല്‍.എ, വി മുരളീധരന്‍ എം.പി എന്നിവര്‍ക്ക് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.