LiveTV

Live

Kerala

ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

പാര്‍ട്ടി നേതൃത്വം ജോസ് കെ മാണിയിലേക്ക് പോകുന്നതിന്റെ സൂചനയായാണ് ജോസ് കെ മാണിയുടെ യാത്രയെ ജോസഫ് വിഭാഗം കാണുന്നത്.

ജോസ് കെ മാണിയുടെ കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തില്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ പി.ജെ ജോസഫ് പങ്കെടുക്കില്ല. ലോകകേരള സഭയില്‍ പങ്കെടുക്കാനായി ദുബൈയിലേക്ക് പോയെന്നാണ് ഔദ്യോഗിക വിശദീകരണം. പാര്‍ട്ടിയിലെ വിഭാഗീയതയുടെ പ്രകടമായ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ എം.പിയും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയുടെ മകനുമായ ജോസ് കെ മാണി നയിക്കുന്ന കേരള യാത്ര കഴിഞ്ഞ 24നാണ് കാസര്‍കോട് നിന്നാരംഭിച്ചത്. ജോസ് കെ മാണി കേരള യാത്രയുമായി രംഗത്ത് വന്നതോടെയാണ് ജോസഫ് വിഭാഗം പാര്‍ട്ടിയിലെ അവഗണന പരസ്യമാക്കിയതും അധിക സീറ്റിനായി അവകാശവാദം ഉന്നയിച്ചതും. പാര്‍ട്ടി നേതൃത്വം ജോസ് കെ മാണിയിലേക്ക് പോകുന്നതിന്റെ സൂചനയായാണ് ജോസ് കെ മാണിയുടെ യാത്രയെ ജോസഫ് വിഭാഗം കാണുന്നത്.

യാത്രയിലുടനീളം ജോസഫ് വിഭാഗം കാര്യമായി സഹകരിച്ചില്ല. ജോസഫ് വിഭാഗത്തിന്റെ തട്ടകമായ ഇടുക്കിയില്‍ തണുപ്പന്‍ പ്രതികരണമാണ് യാത്രക്കുണ്ടായത്. തൊടുപുഴയിലെ സ്വീകരണ യോഗത്തില്‍ പി.ജെ ജോസഫെത്തിയത് ഒന്നരമണിക്കൂര്‍ വൈകിയാണ്. ഇന്ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കുമ്പോള്‍ പി.ജെ ജോസഫ് പങ്കെടുക്കുന്നുമില്ല. ലോകകേരള സഭയില്‍ പങ്കെടുക്കാനായി ദുബൈയിലേക്ക് പോകുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കേരള യാത്ര ഉള്‍പ്പെടെ മാണിയുടെ തീരുമാനങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമായി പ്രകടിപ്പിക്കുകയാണ് ജോസഫ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.

വൈകിട്ട് പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. റാലിക്ക് ശേഷവും പാര്‍ട്ടിയില്‍ ജോസഫ് വിഭാഗം എതിര്‍പ്പ് ശക്തമാക്കും. സീറ്റ് വിഭജന ചര്‍ച്ചകളില്‍ വിഭാഗീയത പ്രതിഫലിക്കുകയും ചെയ്യും.