LiveTV

Live

Kerala

കോഴിക്കോട് ആരാവും സി.പിഎമ്മിന്റെ സ്ഥാനാര്‍ഥി?

എം.കെ രാഘവനെ പിടിച്ചുകെട്ടാന്‍ ആരെക്കൊണ്ട് കഴിയുമെന്ന ചര്‍ച്ചകളാണ് എല്‍.ഡി.എഫില്‍ നടക്കുന്നത്.

കോഴിക്കോട് ആരാവും സി.പിഎമ്മിന്റെ സ്ഥാനാര്‍ഥി?

കോഴിക്കോട് മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ആശയക്കുഴപ്പം. പി.എ മുഹമ്മദ് റിയാസില്‍ ചര്‍ച്ചകളെത്തിയെങ്കിലും റിയാസിനെ വടകരയിലേക്ക് കൂടി പരിഗണിക്കണമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. എ. പ്രദീപ് കുമാര്‍ എം.എല്‍.എയെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ കണക്ക്കൂട്ടല്‍‍. വടകര കിട്ടിയില്ലെങ്കില്‍ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ലോക് താന്ത്രിക്ക് ജനതാദളിനും താത്പര്യമുണ്ട്.

എം.കെ രാഘവനെ പിടിച്ചുകെട്ടാന്‍ ആരെക്കൊണ്ട് കഴിയുമെന്ന ചര്‍ച്ചകളാണ് എല്‍.ഡി.എഫില്‍ നടക്കുന്നത്. പല പേരുകളും ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അവസാനം എത്തിയത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസില്‍. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് റിയാസിനെ വടകരയില്‍ മത്സരിപ്പിച്ചാലോ എന്ന ചിന്ത ജില്ലാ നേതൃത്വത്തില്‍ ഉണ്ടായത്. കോഴിക്കോടിനേക്കാള്‍ വിജയ സാധ്യത വടകരയാണെന്നാണ് അതിന് പറയുന്ന കാരണം. മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് ഏറെക്കൂറെ ഉറപ്പിച്ച സാഹചര്യത്തില്‍ റിയാസിനെ നിര്‍ത്തിയാല്‍ എളുപ്പത്തില്‍ വടകര കയറാമെന്നും കരുതുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ തന്നെ വടകരയില്‍ മത്സരിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ താത്പര്യവും ഇതിന് പിന്നിലുണ്ട്.

കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ പ്രദീപ് കുമാറിന്റെ പേരാണ് പകരം ഉയര്‍ത്തുന്നത്. എം.എല്‍.എമാരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ സി.പി.എം നേതൃത്വം എടുക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും പ്രദീപ് കുമാറിന്റെ സാധ്യതകള്‍.

കഴിഞ്ഞ തവണ എ. വിജയരാഘവന്‍ വന്നത് പോലെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള നേതാക്കള്‍ വരാനുള്ള സാധ്യതയും തള്ളികളയാനാകില്ല. വടകര വേണമെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന ലോക് താന്ത്രിക്ക് ജനതാദള്‍ അത് കിട്ടിയില്ലെങ്കില്‍ പിന്നെ താത്പര്യപ്പെടുന്ന മണ്ഡലം കോഴിക്കോടാണ്. അങ്ങനെയാണങ്കില്‍ മുന്‍ മന്ത്രി കെ. പി മോഹനനോ, ഷെയ്ഖ് പി. ഹാരിസോ മത്സരിക്കാനാണ് സാധ്യത.