LiveTV

Live

Kerala

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സമാനമായ രീതിയിൽ നിരവധി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് തട്ടിപ്പും പീഡനവും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റില്‍

കോതമംഗലത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി സ്വദേശി നിബില്‍ സജിയെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് പീഡനം.

ആറു മാസം മുമ്പ് ഫേസ്ബുക്ക് വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ എറണാകുളത്തും വേളാങ്കണ്ണിയിലും ലോഡ്ജിൽ താമസിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ആറു പവന്‍ സ്വര്‍ണവും അമ്പതിനായിരം രൂപയും തട്ടിയെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അന്ന് അറസ്റ്റിലായ ഇയാള്‍ 90 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും സമാനമായ കുറ്റം നടത്തിയത്. സോഷ്യൽ മീഡിയ വഴി പെൺകുട്ടികളുമായി സുഹൃദ് ബന്ധം സ്ഥാപിച്ച ശേഷം പ്രേമം നടിച്ചു പീഡനം നടത്തി, പണവും സ്വർണാഭരണങ്ങളും കൈക്കലാക്കിയ ശേഷം ഫോൺ നമ്പര്‍ മാറ്റി മുങ്ങുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും സമാനമായ രീതിയിൽ നിരവധി പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് തട്ടിപ്പും പീഡനവും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.