LiveTV

Live

Kerala

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച് 

മൃതദേഹത്തില്‍ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരിയാറില്‍ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതിയെ കൊന്നത് ശ്വാസംമുട്ടിച്ച് 

ആലുവ പെരിയാറിൽ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രാഥമിക നിഗമനം. വായിൽ തുണി തിരുകിയാണ് ശ്വാസം മുട്ടിച്ചത്. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ആലുവ പെരിയാറിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. 25നും 30നും ഇടയില്‍ പ്രായം കണക്കാക്കുന്ന സ്ത്രീയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃദേഹത്തില്‍ മറ്റ് പരിക്കുകളുടെ ലക്ഷണങ്ങളിലില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലുവ പെരിയാറിൽ മംഗലപുഴ പാലത്തിനടുത്ത് വിൻസെഷൻ സെമിനാരിയുടെ കടവിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പില്‍ പൊതിഞ്ഞ് കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതാണെന്നും കൊലപാതകത്തിന് ശേഷം മൃതദേഹം പുഴയിൽ തള്ളിയതാണെന്നും നേരത്തെ പൊലീസിന് സൂചന ലഭിച്ചിരുന്നു.

ആലുവ ഡി.വൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നതിനിടയിലാണ് പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഏകദേശം 25നും 40നുമിടയിൽ പ്രായവും 154 സെന്റിമീറ്റർ ഉയരവുമുള്ള യുവതിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹത്തില്‍ മറ്റ് പരിക്കുകളോ മുറിവുകളോ ഇല്ലന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ ആകാം മൃതദേഹം പുഴയിൽ തള്ളിയതെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍. കൊലപാതകം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ആലുവ റൂറൽ എസ്.പി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ നേരത്തെ ഫോറൻസിക്, പൊലീസ് പരിശോധനകള്‍ നടത്തിയ മൃതദേഹം ഇതുവരെയും തിരിച്ചറിയാത്തതിനാല്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം കളമശ്ശേരി മെഡിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.