LiveTV

Live

Kerala

മൂന്നാര്‍ അനധികൃത നിര്‍മ്മാണം; ഹൈക്കോടതി സ്റ്റേ സി.പി.ഐയുടെ വിജയം

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗത്തിന്റെ പരാതിയിലാണ് നടപടിയെന്നതാണ് ഇതിന് കാരണം. 

 മൂന്നാര്‍ അനധികൃത നിര്‍മ്മാണം; ഹൈക്കോടതി സ്റ്റേ സി.പി.ഐയുടെ വിജയം

മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ സ്റ്റേ നടപടി സി.പി.ഐയുടെ വിജയമാണ്. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗത്തിന്റെ പരാതിയിലാണ് നടപടിയെന്നതാണ് ഇതിന് കാരണം. സി.പി.ഐയെ വെട്ടി മൂന്നാറിലെ റവന്യൂ വിഷയങ്ങളില്‍ കടിഞ്ഞാണ്‍ പിടിച്ചിരുന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്ക്കെതിരെ നേടിയ വിജയമായാണ് സി.പി.ഐ കണക്കാക്കുന്നത്.

വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ ദൌത്യം ആരംഭിച്ചത് മുതല്‍ തുടങ്ങിയതാണ് ഇടുക്കിയിലെ സി.പി.എം-സി.പി.ഐ പോര്. റവന്യൂ വകുപ്പ് സി.പി.ഐയ്ക്കെങ്കിലും മൂന്നാറിലെ ഭൂമി വിഷയങ്ങളില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എയും സി.പി.എമ്മുമാണ് അവസാനവാക്ക്. മൂന്നാറിലെ കയ്യേറ്റങ്ങളില്‍ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍മാരായിരുന്ന ശ്രീരാം വെങ്കിട്ടരാമനെയും വി.ആര്‍ പ്രേംകുമാറിനെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രജേന്ദ്രന്‍ എം.എല്‍.എ വിവാദ പരാമര്‍ശങ്ങള്‍ പല തവണ നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ യു.ഡി.എഫ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിലെ അനധികൃത നിര്‍മാണത്തില്‍ ഇടപെട്ട് വിവാദം വിളിച്ചുവരുത്തിയ എം.എല്‍‍.എയെ സി.പി.എം തള്ളിപ്പറയുന്ന സ്ഥിതിയുമുണ്ടായി. പഞ്ചായത്തിന്റെ അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.വൈ യൌസേഫ് നല്‍കിയ പരാതിയാണ് ഇതിന് ആധാരമായത്. റവന്യൂ മന്ത്രിയും സി.പി.ഐ ജില്ലാ സംസ്ഥാന നേതൃത്വവും രേണുരാജിന് പിന്തുണയുമായി പരസ്യമായി എത്തിയതും രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് തിരിച്ചടിയായി.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയതും വനിതാ സബ് കലക്ടറായ രേണുരാജിനെ എം.എല്‍.എ അധിക്ഷേപിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് സി.പി.എം പതിവിലും വിപരീത നിലപാട് രാജേന്ദ്രനോട് സ്വീകരിക്കാന്‍ കാരണം. ദിവസേന വഷളാകുന്ന വിഷയത്തില്‍ രാജേന്ദ്രന്‍ എം.എല്‍.എയോട് സി.പി.എം എന്തുനടപടി തുടര്‍ന്ന് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.