LiveTV

Live

Kerala

കോഴിക്കോട് ലോ കോളജില്‍ എസ്.എഫ്.ഐ നേതാവിന് മാര്‍ക്ക് ദാനം

എല്‍.എല്‍.ബി വിദ്യാര്‍‌ഥിയും എസ്.എഫ്.ഐ നേതാവുമായ രാഹുല്‍രാജ് പനമ്പ്രത്തിനാണ് ഇന്റേണല്‍ പേപ്പറില്‍ മാര്‍ക്ക് ദാനം നല്‍കിയത്

കോഴിക്കോട് ലോ കോളജില്‍ എസ്.എഫ്.ഐ നേതാവിന് മാര്‍ക്ക് ദാനം

കോഴിക്കോട് ലോ കോളജില്‍ എസ്.എഫ്.ഐ നേതാവിന് മാര്‍ക്ക് ദാനം. ത്രീ ഇയര്‍ എല്‍.എല്‍.ബി ആറാം സെമസ്റ്ററിലെ ഇന്റര്‍ നാഷണല്‍ ലോ പേപ്പറിലെ ഇന്റേണല്‍ മാര്‍ക്കിലാണ് ദാനം നടന്നത്. ഇതേ തുടര്‍ന്ന് ലോ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ യൂനിവേഴ്സിറ്റിക്ക് പരാതി നല്‍കി.

ത്രീ ഇയര്‍ എല്‍.എല്‍.ബി വിദ്യാര്‍‌ഥിയും എസ്.എഫ്.ഐ നേതാവുമായ രാഹുല്‍രാജ് പനമ്പ്രത്തിനാണ് ഇന്റേണല്‍ പേപ്പറില്‍ മാര്‍ക്ക് ദാനം നല്‍കിയത്. റിട്ടണ്‍ ടെസ്റ്റ്, അസൈന്‍മെന്റ് എന്നിവയിലായി ഇരുപതില്‍ രണ്ട് മാര്‍ക്ക് മാത്രമാണ് അധ്യാപകന്‍ നല്‍കിയിരുന്നത്. കഴിഞ്ഞ നവംബര്‍ 17ന് ഇന്റേണല്‍ മാര്‍ക്ക് ലിസ്റ്റിന്റെ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ വിദ്യാര്‍ഥി പ്രശ്ന പരിഹാര സെല്ലിന് മുന്‍പാകെ രാഹുല്‍രാജ് പരാതി നല്‍കി. പരാതി ലഭിച്ചാല്‍ അധ്യാപകന് നോട്ടീസ് അയക്കാറാണ് പതിവ്. ഇതൊന്നുമില്ലാതെ സെല്‍ 12 മാര്‍ക്ക് ദാനം ചെയ്ത് 14 മാര്‍ക്ക് നല്‍കി. സെല്‍ നടപടിക്കെതിരെ അധ്യാപകന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കി. നടപടിയൊന്നുമുണ്ടായില്ല.

അസൈന്‍മെന്റ് സബ്മിറ്റ് ചെയ്യാന്‍ പല തവണ പറഞ്ഞിട്ടും രാഹുല്‍രാജ് സബ്മിറ്റ് ചെയ്തില്ലെന്നാണ് പരാതിയില്‍ അധ്യാപകന്‍ പറയുന്നത്. ജനുവരി 19ന് ദാനം ചെയ്ത മാര്‍ക്ക് ഉള്‍പ്പെടുത്തി സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ചു. പരാതിയില്‍ പ്രിന്‍സിപ്പല്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ വിസി, കണ്‍ട്രോളര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. അസൈന്‍മെന്റ് സബ്മിറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ചോദിച്ചിരുന്നുവെന്ന് രാഹുല്‍രാജ് പറഞ്ഞു. അധ്യാപകന്‍ വൈരാഗ്യം തീര്‍ത്തതാണെന്നും രാഹുല്‍രാജ് പറഞ്ഞു.