LiveTV

Live

Kerala

ജനസേവ ശിശുഭവനിലെ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറെന്ന് സർക്കാർ കോടതിയില്‍

ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുത്തതിനെതിരെ ജോസ് മാവേലി നൽകിയ ഹരജിയിൽ സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ജനസേവ ശിശുഭവനിലെ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറെന്ന് സർക്കാർ കോടതിയില്‍

ആലുവ ജനസേവ ശിശുഭവനിലെ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് അനുവദിക്കാത്തപക്ഷം കുട്ടികളെ മറ്റ് അംഗീകൃത അനാഥാലയങ്ങളിലേക്ക് മാറ്റാനും ഒരുക്കമാണെന്ന് സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുത്തതിനെതിരെ ജോസ് മാവേലി നൽകിയ ഹരജിയിൽ സാമൂഹ്യനീതി സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സത്യവാങ്മൂലത്തില്‍ പറയുന്നതിങ്ങനെ

ജനസേവ ശിശുഭവന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ കണ്ടതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടത്. ഇവിടെ 43 ആൺകുട്ടികളും 39 പെൺകുട്ടികളുമാണ് ഇപ്പോഴുള്ളത്. കുട്ടികളുടെ മുറിവും പരിക്കുമൊക്കെ ചിത്രങ്ങളാക്കി പ്രദർശിപ്പിക്കുന്നത് അവർക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. വിശിഷ്ട വ്യക്തികൾക്കൊപ്പം നിൽക്കുന്ന കുട്ടികളുടെ ചിത്രം പണപ്പിരിവിന് ഉപയോഗിച്ചു. ശിശുഭവനിലെ കുട്ടികളിലേറെയും മാതാപിതാക്കളുള്ളവരാണ്. ജുവനൈൽ ജസ്റ്റിസ് നിയമം നടപ്പാക്കാൻ ജോസ് മാവേലിക്ക് താൽപര്യമുണ്ടായിരുന്നെങ്കിൽ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടുമായിരുന്നു. കഴിഞ്ഞ വർഷം മേയ് വരെയാണ് ശിശുഭവന്‍റെ ബോയ്സ് ഹോമിനും ഗേൾസ് ഹോമിനും രജിസ്ട്രേഷനുണ്ടായിരുന്നത്. കോടതി ഉത്തരവനുസരിച്ച് അന്യ സംസ്ഥാനങ്ങളിലെ കുട്ടികളെ തിരിച്ചു നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും ഫലപ്രദമായില്ല. രണ്ടായിരത്തിലേറെ കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കണക്കും രേഖയുമില്ല. പല കുട്ടികളെയും രക്ഷിതാക്കൾക്കൊപ്പം വിട്ടതായി രേഖയുണ്ടെങ്കിലും ഒന്നിലും വിലാസമില്ല. ഇതു കുട്ടിക്കടത്താണോയെന്ന് സംശയമുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ശിശുക്ഷേമ സമിതികളുടെ പേരിൽ വ്യാജരേഖയുണ്ടാക്കി കുട്ടികളെ കടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം പൂർത്തിയായാലേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.