LiveTV

Live

Kerala

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം

തീയണക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് പൊള്ളലേറ്റു.

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം

വയനാട് കൽപ്പറ്റയിൽ വൻ തീപിടുത്തം. നഗരത്തിലെ വൻകിട വസ്ത്ര വ്യാപാര സ്ഥാപനം കത്തി നശിച്ചു . തീയണക്കാനുള്ള ശ്രമത്തിനിടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് പൊള്ളലേറ്റു.

കല്‍പ്പറ്റ ടൗണിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സിന്റെ മുകളിലത്തെ നിലയിലെ ഗോഡൗണിലാണ് ആദ്യം തീ പടർന്നത് . രാത്രി ഏഴരയോടെ അഞ്ച് നില കെട്ടിടത്തിന് തീ പിടിക്കുകയായിരുന്നു. ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പിടിക്കാതിരിക്കാനായി ഫയര്‍ഫോഴ്‌സ് നടത്തിയ ശ്രമം ഫലം കണ്ടു. പിന്നീട് നാലാം നിലയിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീപടരുന്നത് തടഞ്ഞത്. സമീപമുള്ള വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലില്‍നിന്ന് മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. കല്‍പ്പറ്റ ടൗണിലെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല.

പിന്നീട് കോഴിക്കോട് ജില്ലയിൽ നിന്നുള്ള അഗ്നിശമന വിഭാഗങ്ങൾ കൂടി എത്തുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട 2 സേനാംഗങ്ങൾക്കും പ്രദേശവാസിയായ മറ്റൊരാൾക്കും തീയണക്കുന്നതിനിടയിൽ പൊള്ളലേറ്റു. കൽപ്പറ്റയിലും പരിസരങ്ങളിലും പുക പടർന്നതും ആളുകളിൽ പരിഭ്രാന്തി പരത്തി.വയനാട് ജില്ലാ പോലീസ് മേധാവി കറുപ്പുസ്വാമിയുടെ നേതൃത്വത്തില്‍ പൊലീസും എ.ഡി.എം അജീഷിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാ സമിതിയിലെ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സ്ഥലത്തെത്തി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചു.