LiveTV

Live

Kerala

കൊല്ലം മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി സി.പി.എം; കെ.എന്‍ ബാലഗോപാല്‍ സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ലോക്സഭാ മണ്ഡലമാണെങ്കിലും കഴിഞ്ഞ പത്തു വർഷമായി യു.ഡി.എഫിനൊപ്പമാണ് കൊല്ലം. എന്നാൽ ഇക്കുറി...

കൊല്ലം മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി സി.പി.എം; കെ.എന്‍ ബാലഗോപാല്‍ സ്ഥാനാർത്ഥി ആയേക്കുമെന്ന് സൂചന

കൊല്ലം ലോക്സഭാ മണ്ഡലം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ സി.പി.എം നേതൃത്വം. സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ എല്‍.ഡി.എഫില്‍ സജീവമായിരിക്കെ, ഉയര്‍ന്നുകേള്‍ക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എന്‍ ബാലഗോപാലിന്റെ പേരാണ്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ബാലഗോപാലിന് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.

ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള ലോക്സഭാ മണ്ഡലമാണെങ്കിലും കഴിഞ്ഞ പത്തു വർഷമായി യു.ഡി.എഫിനൊപ്പമാണ് കൊല്ലം. എന്നാൽ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് സി.പി.എം ജില്ലാ നേതൃത്വം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ സ്വാധീനമുള്ള ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് തീരുമാനം. ഇതിനായി മുന്‍ ജില്ലാ സെക്രട്ടറി കെ.എൻ ബാലഗോപാലിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നത്. കെ.എൻ ബാലഗോപാലിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടി സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെയും വിജയത്തിന് ചുക്കാൻ പിടിച്ചത് കെ.എൻ ബാലഗോപാലായിരുന്നു. എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ വോട്ടും കെ.എൻ ബാലഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലഭിക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.

കൊല്ലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാന്‍ സംസ്ഥാന നേതൃത്വം ബാലഗോപാലിനോട് നിർദേശിച്ചതായും സൂചനയുണ്ട്. സ്ഥാനാർത്ഥിയാകുമെന്ന സൂചന നൽകി ജില്ലയിലെ സി.പി.എം പരിപാടികളിലും പോഷക സംഘടനകളുടെ പരിപാടികളിലും സജീവമാണ് കെ.എന്‍ ബാലഗോപാല്‍.