LiveTV

Live

Kerala

മാര്‍ച്ച് ഒന്ന് മുതല്‍ കരാര്‍ പണികള്‍ നിര്‍ത്തിവെക്കുമെന്ന് ഗവണ്‍മെന്റ് കരാറുകാര്‍

ഈ മാസം 27ന് കരാറുകാരും നിര്‍മാണമേഖലയിലെ കച്ചവടക്കാരും നിര്‍മാണ മേഖല സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചു.

മാര്‍ച്ച് ഒന്ന് മുതല്‍  കരാര്‍ പണികള്‍ നിര്‍ത്തിവെക്കുമെന്ന് ഗവണ്‍മെന്റ് കരാറുകാര്‍

കുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ കരാറുകാര്‍ സമരത്തിലേക്ക്. മാര്‍ച്ച് 1 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. കുടിശ്ശിക ആയിരം കോടി കവിഞ്ഞെന്നും സിമന്‍റ് വിലവര്‍ധന, ജി.എസ്.ടി ഉള്‍പ്പെടെ മറ്റു പ്രശ്നങ്ങളും നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കരാറുകാര്‍ ആരോപിച്ചു.

ട്രഷറി നിയന്ത്രണമാണ് സര്‍ക്കാര്‍ കരാറുകാരെ പ്രതിസന്ധിയിലാക്കിയത്. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കേണ്ടെന്നാണ് ധനവകുപ്പിന്‍റെ നിര്‍ദേശം. മൂന്ന് ആഴ്ചക്കിടെ 1,200 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറികളില്‍ കുടിശ്ശികയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കേണ്ടത്. കരാറുകാര്‍ക്ക് ബില്ലുകള്‍ മാറി നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് കരാറുകാര്‍ ആവശ്യപ്പെട്ടുന്നത്.

സിമന്‍റ് വില വര്‍ധനയാണ് മറ്റൊരു പ്രശ്നം. ഒരു ചാക്കിന് 100 രൂപ വരെ സിമന്‍റ് വില വര്‍ധിച്ചു. ജി.എസ്.ടി തുക സര്‍ക്കാര്‍ നല്‍കുമെന്ന് ധനവകുപ്പ് ഉത്തരവിറക്കിയെങ്കിലും നടപ്പായിട്ടില്ല. സമരത്തിന് നിര്‍ബന്ധിക്കുന്ന സാഹചര്യമാണെന്നാണ് കരാറുകാര്‍ പറയുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങളും, ലൈഫ് പദ്ധതിയും ഉള്‍പ്പെടെ സ്തംഭിക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും.