LiveTV

Live

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെ ഇന്‍റന്‍റ് വെട്ടിക്കുറച്ച സംഭവത്തില്‍ നടപടിയെടുത്തില്ല

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും അന്വേഷണം നടന്ന് രണ്ട് മാസമായിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുകളുടെ ഇന്‍റന്‍റ് വെട്ടിക്കുറച്ച സംഭവത്തില്‍  നടപടിയെടുത്തില്ല

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുകള്‍ക്കുള്ള ഇന്‍റന്‍റ് വെട്ടിക്കുറച്ച സംഭവത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയായില്ല. ഇന്‍റന്‍റ് നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തി ആരോഗ്യമന്ത്രിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലായിരുന്നു ഒരാഴ്ച നീണ്ടുനിന്ന അന്വേഷണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും അന്വേഷണം നടന്ന് രണ്ട് മാസമായിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുത്തില്ല.

ഓരോ വര്‍ഷവും ആവശ്യമുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും ഇന്‍റന്‍റ് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് നല്കാറാണ് പതിവ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നുകള്‍ക്കായി 17 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്‍റന്‍റ് നല്കിയത്. ഇത്തവണ അതില്‍ കൂടുതല്‍ തുകയുടെ ഇന്‍റന്റ് നല്‍കുന്നതിന് പകരം 12കോടി രൂപയുടെ ഇന്‍റന്റാണ് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി നല്‍കിയത്. അതായത് അഞ്ച് കോടി രൂപ വെട്ടിക്കുറച്ചു. അതാത് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ നല്കുന്ന ലിസ്റ്റനുസരിച്ച് സ്റ്റോര്‍ സൂപ്രണ്ടാണ് ഇന്‍റന്‍റ് തയ്യാറാക്കിയത്.

ഇന്‍റന്‍റ് നല്കിയതില്‍ ഗുരുതരവീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിതല അന്വേഷണം നടത്തി. ഈ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി തന്നെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് ഡയറക്ടേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ ജോയന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. 585 ഇനങ്ങള്‍ വേണ്ടിടത്ത് 250ഓളം ഇനങ്ങള്‍ സ്റ്റോര്‍ വിഭാഗം വെട്ടിക്കുറച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയുണ്ടായിട്ടില്ല. ഇന്‍റന്‍റ് വെട്ടിക്കുറച്ചതോടെ മരുന്നുകള്‍ക്കും സര്‍ജിക്കല്‍ ഉപകരണങ്ങള്‍ക്കും വലിയ ക്ഷാമമാണ് മെഡിക്കല്‍ കോളേജ് നേരിടുന്നത്.

ആകെ ആവശ്യമുള്ള 585 ഇനങ്ങളില്‍ 230 എണ്ണം മാത്രമാണ് മെഡിക്കല്‍ കോളജില്‍ അവശേഷിക്കുന്നത്. ഈ മരുന്നുകളുടെ സ്റ്റോക്കും ഈ മാസത്തോടെ തീരും. നിലവിലെ മരുന്നുക്ഷാമം പരിഹരിക്കാന്‍ മറ്റ് മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.