LiveTV

Live

Kerala

തൃശൂരില്‍ പ്രതീക്ഷകള്‍ പാളി ബി.ജെ.പി

പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നാണ്ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. 

 തൃശൂരില്‍ പ്രതീക്ഷകള്‍ പാളി ബി.ജെ.പി

തൃശൂര്‍ ലോക്സഭാ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കുന്നതില്‍ ബി.ജെ.പി ജില്ലാ നേതൃത്വത്തിന് എതിര്‍പ്പ്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ജില്ലാ നേതൃത്വം ആര്‍.എസ്.എസിന് സമീപിച്ചു.

ശബരിമല സമരത്തിലെ വന്‍ പങ്കാളിത്തം, യുവമോര്‍ച്ച പരിപാടിയിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം, മണ്ഡലത്തിലെ വിവിധ ക്ഷേത്രഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരിട്ട് നടത്തിയ സമരങ്ങള്‍, തൃശുര്‍ അതിരൂപതയും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അകല്‍ച്ച...ബി.ജെ.പി പ്രതീക്ഷയുടെ കോട്ട പടുത്തിയര്‍ത്തിയത് പ്രധാനമായും ഈ അനുകൂല ഘടകങ്ങളിലായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആഗ്രഹമാണ് ബി.ജെ.പി ജില്ല നേതൃത്വത്തിനുള്ളത്. കെ. സുരേന്ദ്രന്‍ കഴിഞ്ഞ കുറെ മാസങ്ങളായി ബി.ജെ.പിയും സംഘ് പരിവാര്‍ സംഘടനകളും നടത്തുന്ന പരിപാടികളില്‍ സജീവമായിരുന്നു.

എന്നാല്‍ തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസിന് നല്‍കാന്‍ ബി.ജെ.പി നേതാക്കളില്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ജില്ലാ നേതൃത്വം അങ്കലാപ്പിലായി. ബി.ഡി.ജെ.എസിന് സീറ്റ് നല്‍കിയില്ലെങ്കില്‍ ബി.ജെ.പിയില്‍ നിന്ന് മത്സരിക്കാനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എത്തുമെന്ന സൂചന വന്നതും ജില്ല നേതൃത്വത്തിന് നിരാശ നല്‍കി. ശബരിമല വിഷയത്തിലെ പ്രക്ഷോഭം ഏറ്റവും ഭംഗിയായി നടപ്പാക്കിയ ജില്ലാ നേതൃത്വത്തോട് കാണിക്കുന്ന അനീതിയാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങലെന്ന് ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവ് മീഡിയവണിനോട് പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥിയാരായാലും ശബരിമല സമരത്തിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കുമെന്ന അഭിപ്രായമായിരുന്നു സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ പാര്‍ട്ടി നേതൃത്വ നിരയിലുള്ള ഒരാള്‍ തന്നെ തൃശൂരില്‍ മത്സരിക്കണം. ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥനയുമായി ആര്‍.എസ്.എസ് ജില്ലാഘടകത്തെ സമീപിച്ചിരിക്കുകയാണ് ജില്ലയിലെ ബി.ജെ.പി.