LiveTV

Live

Kerala

ഉംറക്ക് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി; ട്രാവല്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ പ്രതിഷേധം

ഏറെ കാലം സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് പലരും തീർത്ഥയാത്രക്ക് തയ്യാറായത്

ഉംറക്ക് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടി; ട്രാവല്‍സ് ഉടമയുടെ വീട്ടുപടിക്കല്‍ പ്രതിഷേധം

ഉംറക്ക് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ത്രീകളിൽ നിന്നും പണം കൈപ്പറ്റിയ ട്രാവല്‍സ് ഉടമയുടെ വീടിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. അല്‍ബൈത്ത് ഹജ്ജ്-ഉംറ ട്രാവല്‍സ് ഉടമ ടി.ടി അബ്ദു റഹിമാനാണ് 15ലധികം ആളുകളില്‍ നിന്ന് പണം വാങ്ങി വഞ്ചിച്ചത്. എയര്‍പോര്‍ട്ടില്‍ ഇവരെ എത്തിച്ച ശേഷം അബ്ദുറഹ്‍മാന്‍ മുങ്ങുകയായിരുന്നുവെന്ന് വഞ്ചിക്കപ്പെട്ടവര്‍ പറയു്നനു. പാസ്പോർട്ടsക്കം നഷ്ടപ്പെട്ട സ്ത്രീകൾ ഇതോടെ ദുരിതത്തിലായി.

അൽ ബൈത്ത് ഹജ്ജ് ഉംറ സർവീസ് എന്ന പേരിലാണ് അരീക്കോട് കോഴക്കോട്ടൂർ സ്വദേശി ഹിപ്നോട്ടിക് കൗൺസിലർ ടി.ടി അബ്ദുറഹിമാൻ നിരവധി സ്ത്രീകളിൽ നിന്നും പണം തട്ടിയത്. കൊണ്ടോട്ടി എടവണ്ണപ്പാറ അരീക്കോട് പാലക്കാട് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപതോളം പേർ ഉംറക്ക് പോകാൻ തയ്യാറായി കരിപ്പൂർ എയർപോർട്ടിൽ എത്തിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. നിരവധി സ്ത്രീകളാണ് എയർപോർട്ടിലെത്തി മടങ്ങേണ്ടി വന്നത്.

ഏറെ കാലം സ്വരുക്കൂട്ടി വെച്ച പണം കൊണ്ടാണ് പലരും തീർത്ഥയാത്രക്ക് തയ്യാറായത്. ഇത് വിശ്വസിച്ചേൽപ്പിച്ച അബ്ദുറഹിമാൻ ആണ് ഇവരെ വഞ്ചിച്ചതെന്നും സ്ത്രീകൾ പറയുന്നു. അരീക്കോട് പോലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി ഇല്ലെന്നാണ് സ്ത്രീകളുടെ ആക്ഷേപം. ഇതോടെയാണ് വീട്ടുപടിക്കൽ എത്തി സ്ത്രീകൾ പ്രതിഷേധിച്ചത്.

അരീക്കോട്, വേഴക്കോട്, പൂവത്തിക്കൽ, വടശ്ശേരി, തിരൂര്, തൃപ്പനച്ചി, കിഴിശ്ശേരി, വിളയിൽ, എടവണ്ണപ്പാറ, ഭാഗങ്ങളിലുള്ളവരാണ് തട്ടിപ്പിനിരയായത്. സംഭവത്തെ തുടർന്ന് അരീക്കോട് പോലീസ് സ്ഥലത്തെത്തി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടന്നും അന്വേഷണം നടത്തുന്നുണ്ടന്നുമാണ് പോലീസ് ഭാഷ്യം.