LiveTV

Live

Kerala

കെവിൻ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി; കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ 

സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കെവിൻ കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി;  കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ 

കെവിൻ വധക്കേസ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. കേസിന്റെ പ്രാഥമിക വിചാരണ നടപടികള്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ തുടങ്ങി. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് 22ലേക്ക് മാറ്റി.

ഗൂഢാലോചനയില്‍ ഊന്നിത്തന്നെയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. പ്രധാന പ്രതി ഷാനുവും അച്ഛന്‍ ചാക്കോയും ബന്ധു നിയാസുമാണ് ആദ്യ ഗൂഢാലോചന നടത്തിയത്. മറ്റുള്ള പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റകൃത്യത്തെ കുറിച്ച് മുന്‍കൂട്ടി അറിയാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കി. കൊല്ലണമെന്ന ഉദ്ദേശത്തോടെ പുഴയില്‍ ചാടിച്ചു എന്ന വാദം തന്നെയാണ് കൊലപാതക കുറ്റത്തില്‍ ഉന്നയിച്ചത്. ഇതിന് സാക്ഷികള്‍ ഇല്ലാത്തതിനാല്‍ സാഹചര്യ തെളിവുകള്‍ പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഐ.പി.സി 120ബി, 34, 364, 364എ, 302, 201, 427, 449 എന്നീ വകുപ്പുകള്‍ തെളിഞ്ഞിട്ടുണ്ടെന്നും ആയതിനാല്‍ ഈ കുറ്റങ്ങള്‍ ചുമത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിഭാഗത്തിന്റെ വാദത്തിനായി കേസ് 22ആം തിയ്യതിയിലേക്ക് മാറ്റിവെച്ചു. വിചാരണ നടപടികള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പ്രതികളെയെല്ലാം കോടതിയില്‍ ഹാജരാക്കി. വിചാരണ നടപടികള്‍ കാണാന്‍ കെവിന്‍റെ അച്ഛനും ബന്ധുക്കളും എത്തിയിരുന്നു.