LiveTV

Live

Kerala

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ കെ.സുധാകരനു മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

ഇത്തവണ മത്സരത്തിനില്ലെന്ന് സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും വിജയസാധ്യത പരിഗണിച്ച് സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് മുന്നണിക്കുളളിലെ പൊതുവികാരം

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ കെ.സുധാകരനു മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവാന്‍ കെ.സുധാകരനു മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ഇത്തവണ മത്സരത്തിനില്ലെന്ന് സുധാകരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും വിജയസാധ്യത പരിഗണിച്ച് സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് മുന്നണിക്കുളളിലെ പൊതുവികാരം.ഇതിനിടെ സിറ്റിങ് എം.പി പി.കെ ശ്രീമതി തന്നെ വീണ്ടും കണ്ണൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.

ന്യൂനപക്ഷ വോട്ടുകളിലുണ്ടായ ചോര്‍ച്ചയാണ് കഴിഞ്ഞ തവണ മണ്ഡലം നഷ്ടമാകാന്‍ കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.എന്നാല്‍ ഇത്തവണ രാഷ്ട്രീയ സാമുദായിക സാഹചര്യങ്ങള്‍ ഏറെ അനുകൂലമാണന്ന് യു.ഡി.എഫ് കണക്ക് കൂട്ടുന്നു. ഷുഹൈബ് വധവും ശബരിമല വിഷയവും ഒപ്പം കേന്ദ്രത്തില്‍ ഉരുത്തിരിഞ്ഞ കോണ്‍ഗ്രസ് അനുകൂല വികാരവുമാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊക്കെയാണങ്കിലും പക്ഷെ,സ്ഥാനാര്‍ത്ഥിയായി കെ.സുധാകരന്‍ തന്നെ രംഗത്തിറങ്ങണം.

എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സുധാകരന്‍ ഇപ്പോഴും പച്ചക്കൊടി കാട്ടിയിട്ടില്ല. വരും ദിവസങ്ങളില്‍ നേതൃതലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതോടെ സുധാകരന്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇതിനിടെ ഷുക്കൂര്‍ കേസില്‍ സി.ബി.ഐ കൊലക്കുറ്റം ചുമത്തിയതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനുളള പി.ജയരാജന്റെ സാധ്യത മങ്ങി. ഇതോടെ പി.കെ ശ്രീമതി തന്നെ കണ്ണൂരില്‍ വീണ്ടും ഇടത് മുന്നണിക്കായി കളത്തിലിറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.