LiveTV

Live

Kerala

എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് സ്റ്റേ 

എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റും കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി.

എസ്. രാജേന്ദ്രനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉപഹരജി; മൂന്നാറിലെ പഞ്ചായത്ത് കെട്ടിട നിര്‍മാണത്തിന് സ്റ്റേ 

എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൂന്നാര്‍ കേസില്‍ സര്‍ക്കാര്‍ ഉപഹരജി നല്‍കി. എം.എല്‍.എ സബ് കലക്ടറെ ജനമധ്യത്തില്‍ അപമാനിച്ചുവെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി ആവശ്യമില്ലെന്ന് എം.എല്‍.എ പരസ്യമായി പറഞ്ഞുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ കുറ്റപ്പെടുത്തുന്നു.

കണ്ണന്‍ദേവന്‍ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിനെടുത്ത് മൂന്നാര്‍ പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യു വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമില്ല എന്ന നിലപാടാണ് പഞ്ചായത്തും എം.എല്‍.എയും സ്വീകരിച്ചത്. അനധികൃത നിര്‍മാണത്തിനെതിരെയുള്ള ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സ്ഥലം എം.എല്‍.എ എസ്. രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയത്.

എം.എല്‍.എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടത്തെത്തി എന്‍.ഒ.സി ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചു. നിയമവശങ്ങള്‍ മനസിലാക്കാതെയാണ് സബ് കലക്ടര്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞെന്നും ഹരജിയില്‍ പറയുന്നു. മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മധ്യത്തില്‍ സബ് കലക്ടറെ അപമാനിച്ചതായും ഹരജിയില്‍ പറയുന്നു. സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ കോപ്പിയും സര്‍ക്കാര്‍ ഹരജിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചു. എം.എല്‍.എയ്ക്ക് പുറമെ മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്തംഗം, നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ കോണ്‍ട്രാക്ടര്‍ എന്നിവരെയും കേസില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്.

കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റേ

മൂന്നാറില്‍ പഞ്ചായത്ത് നടത്തിവന്ന കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് സി.പി.എ പ്രാദേശിക നേതാവിന്റെ ഹരജിയില്‍ ഇടക്കാല ഉത്തരവിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ ഉപഹരജി സമര്‍പ്പിച്ചു.

മൂന്നാറില്‍ നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സി.പി.ഐ പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം.വൈ ഔസേഫ് നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍മാണം നിര്‍ത്തിവെയ്ക്കാനാണ് കോടതി നിര്‍ദേശം. മൂന്നാര്‍ മുതിരപുഴ ആറിന് സമീപം 50 അടി ചുറ്റളവില്‍ നിര്‍മാണം പാടില്ലെന്ന ഉത്തരവ് ലംഘിച്ചാണ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മിക്കുന്നത്. ഇത് തടയണമെന്നായിരുന്നു പൊതുതാല്പര്യ ഹരജിയിലെ ആവശ്യം. ഹരജി പരിഗണിക്കവേ ഹരജിക്കാരന്റെ വാദത്തെ സര്‍ക്കാരും കോടതിയില്‍ ശരിവെച്ചു.

പാർക്കിംഗ് ഏരിയക്ക് വേണ്ടിയാണ് അനുബന്ധ സ്ഥലം കണ്ണൻ ദേവൻ കമ്പനി മൂന്നാര്‍ പഞ്ചായത്തിന് കൊടുത്തതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചായത്തും കോൺട്രാക്ടറും കോടതി ഉത്തരവ് ലംഘിച്ചെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കണ്ണൻ ദേവൻ കമ്പനിയുടെ കൈവശം തന്നെയാണ് ഭൂമിയെന്നും പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു. പാർക്കിംഗിനു വേണ്ടി മാത്രമാണ് പഞ്ചായത്തിന് ഭൂമി കൊടുത്തെന്ന് കെ.ഡി.എച്ച് കമ്പനിയുടെ അഭിഭാഷകന്‍ അറിയിച്ചു.

തുടര്‍ന്നാണ് പഞ്ചായത്തിന് അനുമതി ആര് കൊടുത്തു എന്ന് കോടതി ചോദിച്ചത്. നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്ന് പഞ്ചായത്ത് അറിയിച്ചു. തുടര്‍ന്നാണ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിര്‍ദേശിച്ച കോടതി കേസ് മൂന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിയത്. സബ് കലക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ഉപഹരജിയും പൊതുതാല്പര്യ ഹരജിക്കൊപ്പം പരിഗണിക്കാനായി കോടതി മാറ്റി.