LiveTV

Live

Kerala

ഷുക്കൂറിനെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത് പി.ജയരാജനും ടി.വി രാജേഷുമെന്ന് കുറ്റപത്രം

നേതാക്കളുടെ നിര്‍ദേശം പാര്‍ട്ടി അണികള്‍ നടപ്പിലാക്കുകയായിരുന്നുവെന്നും ഗൂഢാലോചനക്ക് ദൃക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നു

ഷുക്കൂറിനെ കൊല്ലാന്‍ നിര്‍ദേശം നല്‍കിയത്  പി.ജയരാജനും ടി.വി രാജേഷുമെന്ന് കുറ്റപത്രം

എം.എസ്.എഫ് പ്രവര്‍ത്തകന്‍ ‍അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എയുമെന്ന് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേതാക്കളുടെ നിര്‍ദേശം പാര്‍ട്ടി അണികള്‍ നടപ്പിലാക്കുകയായിരുന്നുവെന്നും ഗൂഢാലോചനക്ക് ദൃക്സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ സി.ബി.ഐ പറയുന്നു.

കേസിലെ 32ആം പ്രതി പി.ജയരാജന്‍, 33ആം പ്രതി ടി.വി രാജേഷ്, 30ആം പ്രതിയും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ യു.വി വേണു എന്നിവരാണ് ഷുക്കൂറിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പെട്ടെന്നുളള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. ഷുക്കൂര്‍ അടക്കമുളളവരെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പി.ജയരാജനും ടി.വി രാജേഷും വേണുവിനോട് നിര്‍ദേശിക്കുകയായിരുന്നു. 29ആം പ്രതി കെ.ബാബു ഫോണിലൂടെ അയച്ചുകൊടുത്ത ഷുക്കൂറിന്റെ ചിത്രം ആശുപത്രി മുറിയില്‍ വെച്ച് ഇവര്‍ കണ്ടിരുന്നു. തുടര്‍ന്ന് വേണുവിന്റെ നിര്‍ദേശപ്രകാരം ഷുക്കൂറിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രി മുറിയില്‍ നടന്ന ഗൂഢാലോചനക്ക് ദൃക്സാക്ഷികളുണ്ടന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇവരുടെ മൊഴി പകര്‍പ്പും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.