LiveTV

Live

Kerala

എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സി.പി.എം നടപടി എടുത്തേക്കും

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച എസ്.രാജേന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സി.പി.എം നടപടി എടുത്തേക്കും

ദേവികുളം സബ് കളക്ടറെ ആക്ഷേപിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ സി.പി.എം നടപടി എടുത്തേക്കും. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച എസ്.രാജേന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇടുക്കി ജില്ലാ ഘടകത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്.

സ്ത്രീ ശാക്തീകരണ മുദ്രാവാക്യം ഇക്കാലയളവിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാർട്ടിയാണ് സി.പി.എം. അതിനിടിയിൽ ഒരു പാർട്ടി നേതാവ് തന്നെ സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതോടെയാണ് പാർട്ടി നേതൃത്വം വെട്ടിലായത്. മുന്‍പ് പല വിഷയങ്ങള്‍ ഉണ്ടായപ്പോഴും പാര്‍ട്ടി നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണ എസ്.രാജേന്ദ്രന് ലഭിച്ചിരുന്നു. നിരന്തരം വിവാദങ്ങളിൽപ്പെടുമ്പോഴും പാർട്ടി രാജേന്ദ്രന് സംരക്ഷണ കവചമൊരുക്കിയിട്ടുണ്ട്. എന്നാൽ ഇത്തവണ രജേന്ദ്രനെതിരെ നടപടി എടുക്കാതിരിക്കുന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്ന് നേതൃത്വം കരുതുന്നത്.

ദേവികുളം സബ് കളക്ടർ രേണു രാജിനെ അധിക്ഷേപിച്ച രാജേന്ദ്രന്റെ നടപടി സി.പി.എം . ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയതും ഇതു തിരിച്ചറിഞ്ഞാണ്. എസ്.രാജേന്ദ്രന്റെ വിശദീകരണത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി തീരുമാനിക്കുന്നത്.എന്നാല്‍ കടുത്ത നടപടിയിലേക്ക് പോകാന്‍ സാധ്യതയില്ല. ശാസനയിലോ മറ്റോ നടപടി ഒതുക്കാനാണ് സാധ്യത. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രശ്നത്തിൽ രാജേന്ദ്രന്റെ ഇത്തരത്തിലുള്ള ഇടപെടൽ അനുചിതമായെന്നും പാർട്ടി കരുതുന്നുണ്ട്.