LiveTV

Live

Kerala

എം.കെ രാഘവനെതിരായ സാമ്പത്തിക ക്രമക്കേട് കേസ് സി.പി.എം പ്രചാരണ വിഷയമാക്കുന്നു 

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ എം.കെ രാഘന്‍ എം.പി സ്ഥാനം രാജിവെയ്ക്കണമെന്നും മത്സര രംഗത്ത് നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി

എം.കെ രാഘവനെതിരായ സാമ്പത്തിക ക്രമക്കേട് കേസ് സി.പി.എം പ്രചാരണ വിഷയമാക്കുന്നു 

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി എം.കെ രാഘവന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെ കണ്ണൂരിലെ അഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സഹകരണ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സി.പി.എം പ്രചാരണ വിഷയമാക്കുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ എം.കെ രാഘവന്‍ എം.പി സ്ഥാനം രാജിവെയ്ക്കണമെന്നും മത്സര രംഗത്ത് നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തി. എന്നാല്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം ഉയര്‍ത്തുന്ന അഴിമതി ആരോപണം വിലപ്പോവില്ലെന്നാണ് യു.ഡി.എഫിന്റെ മറുപടി.

കോഴിക്കോട് സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ യു.ഡി.എഫിന് രണ്ടാമതൊരു വാക്കില്ല. ഹൈകമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പേ എം.കെ രാഘവനായി അണികള്‍ പ്രചാരണം തുടങ്ങി കഴിഞ്ഞു. അതിനിടയിലാണ് കണ്ണൂരിലെ സഹകരണ സ്ഥാപനമായ കേരള സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ 77 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എം.കെ രാഘവനെ പൊലീസ് പ്രതിചേര്‍ത്തത്. ഇതാണ് രാഘവന് എതിരെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിന് മുന്‍പേ സി.പി.എമ്മിന് ലഭിച്ച ആയുധം. കഴിഞ്ഞ രണ്ട് തവണ നഷ്ടമായ തട്ടകം തിരികെ പിടിക്കാനായി ഇതും പ്രചാരണ വിഷയമാക്കി മാറ്റാന്‍ സി.പി.എം തീരുമാനിച്ചു കഴിഞ്ഞു.

എന്നാല്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എം.കെ രാഘവന്‍ പ്രസിഡന്റായ സഹകരണ സ്ഥാപനത്തിന്റെ പേര് പറഞ്ഞുള്ള ആരോപണം സി.പി.എം ഉയര്‍ത്തിയതാണെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. തോല്‍വി ഉറപ്പായതിനാല്‍ തുടക്കം മുതല്‍ സി.പി.എം വ്യക്തിഹത്യ നടത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്തത് പോലും രാഘവനെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് കരുതുന്നു. പക്ഷേ എം.കെ രാഘവന്റെ വ്യക്തിപ്രഭാവത്തിലൂടെ ഇതിനേയും മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്.