LiveTV

Live

Kerala

മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ

സി.പി.എമ്മിന്റെ എം.എല്‍.എക്കെതിരെ സി.പി.ഐ നേതാവ് തന്നെ കോടതിയെ സമീപിച്ചതോടെ ഇടത് മുന്നണിക്കുള്ളിലും മൂന്നാര്‍ വിഷയം അലയൊലികള്‍ ഉണ്ടാക്കും.

മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ

എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ സി.പി.എം പിന്തുണയ്ക്കാതെ വന്നതോടെ മൂന്നാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സി.പി.ഐ. മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ സി.പി.ഐ നേതാവ് തന്നെ ഹൈക്കോടതിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണ്. സി.പി.എമ്മിന്റെ എം.എല്‍.എക്കെതിരെ സി.പി.ഐ നേതാവ് തന്നെ കോടതിയെ സമീപിച്ചതോടെ ഇടത് മുന്നണിക്കുള്ളിലും മൂന്നാര്‍ വിഷയം അലയൊലികള്‍ ഉണ്ടാക്കും. സബ്കലക്ടറെ അധിക്ഷേപിച്ചതിന് എസ് രാജേന്ദ്രനെതിരെ സി.പി.എം അച്ചടക്ക നടപടിയെടുത്തേക്കും.

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഹൈറേഞ്ചിലെ സി.പി.എം - സി.പി.ഐ പോര്. വി.എസിന്‍റെ ഉദ്യോഗസ്ഥര്‍ സി.പി.ഐ പാര്‍ട്ടി ഓഫീസില്‍ കൈവച്ചതായിരിന്നു പൊട്ടിത്തെറികളുടെ തുടക്കം. അതിന് ശേഷം ഇതുവരെ മൂന്നാറിന്‍റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും പരസ്യമായി പോരിലേര്‍പ്പെടുന്നത് പലവട്ടം കേരള രാഷ്ട്രീയം കണ്ടു. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് ഹൈക്കോടതിയില്‍ കണ്ടത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത് എം വൈ ഔസേപ്പ് എന്ന സി.പി.ഐ നേതാവാണ്.

മൂന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ഔസേപ്പ് ഹര്‍ജി നല്‍കിയതിന് പിന്നില്‍ സി.പി.ഐ നേതൃത്വത്തിന്‍റെ അനുമതി ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സി.പി.ഐ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അഡീഷണല്‍ എ.ജി പൊതുതാത്പര്യ ഹര്‍ജിക്ക് ആവശ്യമായ നിയമസഹായങ്ങള്‍ നല്‍കിയത് വഴി റവന്യുമന്ത്രിക്ക് ഇക്കാര്യത്തിലുള്ള താത്പര്യം കൂടിയാണ് വ്യക്തമാകുന്നത്. എസ് രാജേന്ദ്രന്‍ എം.എല്‍.എയെ സി.പി.എമ്മിന്‍രെ ഇടുക്കി ജില്ലാ ഘടകം തള്ളിപ്പറഞ്ഞതും സി.പി.ഐക്ക് ആയുധമായി. എന്നാല്‍ സി.പി.ഐ നേതാവ് തങ്ങളുടെ എം.എല്‍.എക്കെതിരെ കോടതിയെ സമീപിച്ചതിനോട് സി.പി.എം നേതൃത്വത്തിന് അനുകൂല നിലപാട് ഇല്ലെന്നാണ് സൂചന.