LiveTV

Live

Kerala

സംസ്ഥാനത്ത് 15 സീറ്റിൽ മത്സരിക്കാനുറച്ച് ബി.ജെ.പിയുടെ സാധ്യതാ പട്ടിക 

ബി.ഡി.ജെ.എസിന്റെ ആറ് സീറ്റെന്ന അവകാശവാദം നിലനിൽക്കെയാണ് ബി.ജെ.പി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. 

സംസ്ഥാനത്ത് 15 സീറ്റിൽ മത്സരിക്കാനുറച്ച് ബി.ജെ.പിയുടെ സാധ്യതാ പട്ടിക 

സംസ്ഥാനത്ത് 15 സീറ്റിൽ മത്സരിക്കാനുറച്ച് ബി.ജെ.പി സാധ്യതാ പട്ടിക തയ്യാറാക്കി. ബി.ഡി.ജെ.എസിന്റെ ആറ് സീറ്റെന്ന അവകാശവാദം നിലനിൽക്കെയാണ് ബി.ജെ.പി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. ബി.ഡി.ജെ.എസുമായി സീറ്റിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.

ഒരു മണ്ഡലത്തിൽ മൂന്ന് പേരുകൾ ഉൾപ്പെടുത്തിയാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരന്റയും നടൻ സുരേഷ് ഗോപിയുടേയും പേരുകളുണ്ട്. ആറ്റിങ്ങലിൽ ദേശിയ സമിതിയംഗം പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രനും തൃശൂരിൽ കെ.സുരേന്ദ്രനും എ.എൻ രാധാകൃഷണനും പട്ടികയിൽ ഇടം പിടിച്ചപ്പോൾ എം.ടി രമേശിന്റെ പേര് പത്തനം തിട്ടയിലും കോഴിക്കോട്ടുമാണ്. പാലക്കാട് കൃഷ്ണ കുമാറിന്റെയും മാവേലിക്കരയിൽ പി.എം വേലായുധന്റെയും പേര് ഇടം പിടിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ കൊല്ലത്തും പരിഗണിക്കുന്നു. അൽഫോൺസ് കണ്ണന്താനത്തിന്റെ പേര് പത്തനം തിട്ടയിൽ ഉൾപെടുത്തിയാണ് കേന്ദ്രത്തിന് പട്ടിക കൈമാറിയിരിക്കുന്നത്.

ആറ് സീറ്റുകൾ കേന്ദ്ര നേതൃത്വം അനുവദിച്ചുവെന്ന് ബി.ഡി.ജെ.എസ് അവകാശവാദമുന്നയിക്കുന്നുവെങ്കിലും നാല് നൽകിയാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. കോട്ടയത്ത് പ്രവർത്തനം തുടങ്ങാൻ കേരള കോൺഗ്രസ് നേതാവ് പി.സി തോമസിനോട് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.എസിന് താൽപര്യമുള്ളവരും കേന്ദ്ര നേതൃത്വം നടത്തിയ സർവേയിലും ഉൾപ്പെട്ടവരാകും അന്തിമ പട്ടികയിൽ ഇടം പിടിക്കുക.