LiveTV

Live

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പട്ടികജാതി വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്താന്‍ നിര്‍ദേശം

പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീചിത്രയില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് നിര്‍ദേശം നല്‍കിയത്. 

 ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പട്ടികജാതി വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്താന്‍ നിര്‍ദേശം

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് സി നിയമനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളുടെ ബാക്ക് ലോഗ് നികത്താന്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം. പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീചിത്രയില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് നിര്‍ദേശം നല്‍കിയത്. അതേ സമയം സംവരണ അട്ടിമറി നടന്നുവെന്ന പ്രധാന പരാതി ഉയര്‍ന്ന ഗ്രൂപ്പ് എ നിയമനങ്ങളിലെ സംവരണക്കാര്യത്തില്‍ കമ്മീഷന്‍ അന്തിമ തീരുമാനമെടുത്തില്ല.

ശ്രീ ചിത്രയിലെ ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണ അട്ടിമറി നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പരശോധനക്കെത്തിയത്. ഉച്ചക്ക് 12.15 ഓടെ ചിത്രയിലെത്തിയ കമ്മീഷന്‍ 4 മണി വരെ രേഖകള്‍ പരിശോധിക്കുകയും പരാതിക്കാരില്‍ നിന്ന് തെളിവെടുക്കുകയും ചെയ്തു. ഗ്രൂപ്പ് സി നിയമനങ്ങളില്‍ 21 പേരുടെ ബാക് ലോഗ് ഉണ്ടെന്ന് പരിശോധയില്‍ കണ്ടെത്തി. ഇത് നികത്താന്‍ കമ്മീഷന്‍ നിര്‍ദേശം നല്കി.

എന്നാല്‍ ഏറ്റവും കൂടുതല്‍ നിയമനം നടക്കുന്ന ഗ്രൂപ്പ് എ നിയമനങ്ങളില്‍ കേന്ദ്രം സംവരണം ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്നായിരുന്നു ചിത്രയുടെ വിശദീകരണം. ഇത് സംബന്ധിച്ച കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ വിശദീകരണം കൂടി പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് കമ്മീഷന്‍. ലെയ്സണ്‍ ഓഫീസറും പരാതി പരിഹാര സെല്ലും രണ്ടായി പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ നല്‍കി. ശ്രീചിത്രയിലെ സംവരണ അട്ടിമറി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്.