LiveTV

Live

Kerala

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കർശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

കുംഭമാസ പൂജയ്ക്കായി ശബരിമല നട തുറന്നു

കുംഭ മാസ പൂജകൾക്കായി ശബരിമല നട തുറന്നു. യുവതി പ്രവേശന വിഷയത്തിൽ പുന പരിശോധന ഹരജികൾ സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നട തുറന്നത്. യുവതി പ്രവേശനം ഉണ്ടായാൽ വലിയ പ്രതിഷേധങ്ങൾക്ക് സാധ്യത ഉള്ളതിനാൽ കനത്ത സുരക്ഷ വലയത്തിലാണ് സന്നിധാനവും പരിസരവും. വൈകിട്ട് 4 .55 ഓടെ മേൽശാന്തി വി.എന്‍ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്നത്.

യോഗ നിദ്രയിലായിരുന്ന ഭഗവാനെ ഉണർത്തി മേൽശാന്തി ശ്രീകോവിലിൽ വിളക്ക് തെളിച്ചു. പിന്നീട് ആഴി ജ്വലിപ്പിച്ചതോടെ കുംഭമാസ തീര്‍ത്ഥാടന കാലത്തിന് തുടക്കമായി. ഇന്ന് പ്രത്യേക പൂജകൾ സന്നിധാനത്ത് ഇല്ല. നാളെ പുലർച്ചെ 5ന് ഗണപതി ഹോമം നടത്തും. തുടർന്ന് നെയ്യഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. കുംഭമാസ പൂജകള്‍ക്ക് മുമ്പ് യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടാകാത്തത് നിരാശജനകമാണന്നും മാസ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ യഥാവിധി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മേൽശാന്തി പറഞ്ഞു.

കുംഭമാസ പൂജകൾക്കിടെ യുവതികളെ സന്നിധാനത്ത് ദർശനത്തിനെത്തിക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതികൾ എത്തിയാൽ സംഘടിതമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ പരിഗണിച്ച ശേഷം ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 1500 ഓളം പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്