LiveTV

Live

Kerala

എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ പരോക്ഷമായി കുറ്റപ്പെടുത്തി റവന്യുമന്ത്രി

നിയമപ്രകാരമുളള നടപടി സ്വീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞുവെന്നും ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുളള ചില പ്രസ്താവനകള്‍ നടത്തിയെന്നും മന്ത്രി.

എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ പരോക്ഷമായി കുറ്റപ്പെടുത്തി റവന്യുമന്ത്രി

ദേവികുളം സബ് കലക്ടര്‍ക്കെതിരെ രംഗത്ത് വന്ന എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ പരോക്ഷമായി കുറ്റപ്പെടുത്തി റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് തടഞ്ഞുവെന്നും ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുളള ചില പ്രസ്താവനകള്‍ നടത്തിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. അതിനിടെ ദേവികുളം സബ്കലക്ടര്‍ രേണു രാജിനെതിരെ എസ്. രാജേന്ദ്രൻ എം.എൽ.എ സ്പീക്കര്‍ക്ക് പരാതി നല്‍കി.

ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ മൂന്നാര്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ അപമാനിച്ച വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനായി ഉന്നയിച്ചത്. മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി വേണമെന്നത് ഹൈക്കോടതി ഉത്തരവായിരുന്നു. എന്നാല്‍ എന്‍.ഒ.സി ലഭിക്കാന്‍ സബ് കലക്ടര്‍ മുമ്പാകെ അപേക്ഷ നല്‍കാതെയാണ് മൂന്നാര്‍ പഞ്ചായത്ത് അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിയമപരമായ നിര്‍ദ്ദേശങ്ങളും ലംഘിക്കപ്പെട്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നിയമവിധേയമായ നടപടികളാണ് സബ് കലക്ടര്‍ സ്വീകരിച്ചതെന്ന് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സംഘടിതമായി കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയാനുമുളള ശ്രമം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഉണ്ടായെന്ന് മന്ത്രി സഭയില്‍ കുറ്റപ്പെടുത്തി. മാത്രമല്ല ഇവരുടെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുളള ചില പ്രസ്താവനകളുണ്ടായതായി ആക്ഷേപമുണ്ടെന്നും എസ്. രാജേന്ദ്രന്‍റെ പേര് പറയാതെ മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ പ്രദേശത്തിന്‍റെ പാരിസ്ഥിതിക പ്രത്യേകത പരിഗണിച്ചും ഹൈക്കോടതി വിധിയും ഭൂനിയമങ്ങളും നടപ്പാക്കിയും സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

അതിനിടെ രേണു രാജിനെതിരെ എ‍സ്. രാജേന്ദ്രൻ എം.എൽ.എ സ്പീക്കര്‍ക്ക് പരാതി നല്‍കി. രേണു രാജ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ട് എം.എൽ.എ ആയിരുന്ന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും എം.എൽ.എ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.