LiveTV

Live

Kerala

കലാഭവൻ മണിയുടെ മരണം: നുണപരിശോധനക്ക് കോടതിയുടെ അനുമതി

നടന്മാരായ ജാഫർ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്

കലാഭവൻ മണിയുടെ മരണം: നുണപരിശോധനക്ക് കോടതിയുടെ അനുമതി

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണപരിശോധനക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫർ ഇടുക്കി, സാബുമോന്‍ എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണപരിശോധന നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം ഉണ്ടെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടർന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയ മൊഴി ശാസ്ത്രീയമായി തെളിയിക്കുന്നതിന്‍റെ ഭാഗമായാണ് നുണപരിശോധന നടത്തണമെന്ന ആവശ്യം സി.ബി.ഐ ഉന്നയിച്ചത്. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് ജാഫർ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കൾ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറിയത്.

ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്‍റെ പരാതി. ഇതിനെ തുടർന്ന് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. സി.ബി.ഐ കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ച് സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവൻ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തിരുന്നു. നുണ പരിശോധന കേരളത്തില്‍ തന്നെ നടത്തണമെന്ന ആവശ്യം ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്.