LiveTV

Live

Kerala

മൂന്നാര്‍ അനധികൃത നിര്‍മ്മാണം; സബ്കളക്ടറുടെ നടപടി നിയമാനുസൃതം, പിന്തുണച്ച് കളക്ടര്‍

നിയമപരമായ നടപടിയാണ് സബ്കളക്ടര്‍ രേണുരാജ് സ്വീകരിച്ചതെന്ന് കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

മൂന്നാര്‍ അനധികൃത നിര്‍മ്മാണം; സബ്കളക്ടറുടെ നടപടി നിയമാനുസൃതം, പിന്തുണച്ച് കളക്ടര്‍

ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. സബ്കളക്ടറുടെ നടപടി നിയമാനുസൃതമാണെന്നും മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.രാജേന്ദ്രന്‍ എം.എല്‍.എ സബ്കളക്ടറെ ശകാരിച്ച വിഷയവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ പരോക്ഷമായി കുറ്റപ്പെടുത്തി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ രംഗത്തെത്തി.

മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയം സജീവ ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടുക്കി ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.സബ് കളക്ടര്‍ രേണു രാജിന്റെ നടപടികള്‍ പൂര്‍ണ്ണമായും ശരി വയ്ക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് നിര്‍മ്മാണം നടക്കുന്നത്. നിലവിലെ നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണം നടക്കുന്നത്. മുതിരപ്പുഴയാറില്‍ നിന്ന് 50 മീറ്റര്‍ മാറി വേണം നിര്‍മ്മാണം നടത്താന്‍,എന്നാല്‍ മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണങ്ങള്‍ക്ക് ആറു മീറ്റര്‍ ദൂരം പോലുമില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എം.എല്‍.എ തന്നെ ശകാരിച്ച കാര്യം സബ്കളക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അതിനിടെ രേണു രാജിനെ എം.എല്‍.എ അപമാനിച്ച വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ചു.മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.ഒ.സി വേണമെന്നത് ഹൈക്കോടതി ഉത്തരവായിരുന്നു. ഇത് പാലിക്കാതെയാണ് അവിടെ നിര്‍മ്മാണം നടത്തിയത്. സബ് കളക്ടറുടെ നടപടി നിയമപരമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സംഘടിതമായി കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയാനുമുളള ശ്രമം പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഉണ്ടായെന്ന് മന്ത്രിസഭയില്‍ കുറ്റപ്പെടുത്തി. മാത്രമല്ല ഇവരുടെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുളള ചില പ്രസ്താവനകള്‍ നടത്തിയതായി ആക്ഷേപമുണ്ടെന്നും രാജേന്ദ്രന്റെ പേര് പറയാതെ മന്ത്രി വ്യക്തമാക്കി.

അതിനിടെ രേണുരാജിനെതിരെ എസ്.രാജേന്ദ്രൻ സ്പീക്കര്‍ക്ക് പരാതിയും നല്‍കി. രേണു രാജ് ഫോണിലൂടെ മോശമായി പെരുമാറിയെന്നാണ് രാജേന്ദ്രൻ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നത്. മൂന്ന് പതിറ്റാണ്ട് എം.എൽ.എ ആയി ഇരുന്ന തന്നെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചെന്നും എം.എൽ.എ സ്പീക്കര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.