LiveTV

Live

Kerala

കുഞ്ഞനന്തന്‍ നല്ല രീതിയില്‍ പെരുമാറുന്ന തടവുകാരന്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇതുവരെയും അച്ചടക്ക നടപടി നേരിട്ടിട്ടില്ല.

കുഞ്ഞനന്തന്‍ നല്ല രീതിയില്‍ പെരുമാറുന്ന തടവുകാരന്‍; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ നല്ല പെരുമാറ്റമുള്ള തടവുകാരനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇതുവരെയും അച്ചടക്ക നടപടി നേരിട്ടിട്ടില്ല. കുഞ്ഞനന്തന് പരോള്‍ അനുവദിച്ചത് നിയമാനുസൃതമായാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്നതിനെതിരെ കെ.കെ രമ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ വീണ്ടും പിന്തുണച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കുഞ്ഞനന്തന്‍ നല്ല രീതിയില്‍ പെരുമാറുന്ന തടവുകാരനാണ്. ശിക്ഷിക്കപ്പെട്ടതിന് ശേഷം ജയിലില്‍ ഇതുവരെയും ഒരു അച്ചടക്ക നടപടിക്കും വിധേയനായിട്ടില്ല. കുഞ്ഞനന്തനെതിരെ ജയിലില്‍ ഒരു പരാതിയുമുണ്ടായിട്ടില്ല. നിയമാനുസൃതം മാത്രമാണ് പരോള്‍ നല്‍കിയിട്ടുള്ളത്. അപേക്ഷ സ്വീകരിച്ച് ജയില്‍ സൂപ്രണ്ട് ശുപാര്‍ശ പ്രകാരമാണ് പരോള്‍ നല്‍കിയിട്ടുള്ളത്. പരോള്‍ നീട്ടി നല്‍കിയത് സര്‍ക്കാര്‍ അനുമതിയോടെയാണെന്നും ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചു.

ഒരു വര്‍ഷം 90 ദിവസത്തിലധികം പരോള്‍ നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാല്‍ 2012 മെയ് നാലിന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് അത്യാവശ്യ പരോൾ എന്ന പേരിൽ നിരന്തരം പരോളുകൾ അനുവദിക്കുന്നുവെന്നാണ് കെ.കെ രമയുടെ ആരോപണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് മുഖേന കുഞ്ഞനന്തന് നോട്ടീസയക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ഹരജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.