LiveTV

Live

Kerala

ഇടത് മുന്നണിയില്‍ ഏറ്റവുമധികം അവകാശവാദം പത്തനംതിട്ടക്ക് വേണ്ടി

എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവര്‍ പത്തനംതിട്ട സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചുണ്ട്.

ഇടത് മുന്നണിയില്‍ ഏറ്റവുമധികം അവകാശവാദം പത്തനംതിട്ടക്ക് വേണ്ടി

ഇടത് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഏറ്റവുമധികം അവകാശവാദമുള്ളത് പത്തനംതിട്ടക്ക് വേണ്ടി. എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവര്‍ പത്തനംതിട്ട സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചുണ്ട്. ശബരിമല നിലനില്‍ക്കുന്ന മണ്ഡലമായത് കൊണ്ട് പത്തനംതിട്ടയില്‍ ജയിക്കേണ്ടത് സി.പി.എമ്മിനും അഭിമാനപ്രശ്നമാണ്.

സി.പി.എമ്മിന്‍റെ കയ്യിലുള്ള പത്തനംതിട്ട സീറ്റിലേക്ക് ശക്തനായ സ്ഥാനാര്‍ഥിയെ കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ഫിലിപ്പോസ് തോമസിനെ ഇടത് സ്വതന്ത്രനായി സി.പി.എം മത്സരിപ്പിച്ചത്. എന്നാല്‍ ആന്‍റോ ആന്‍റണിയെ തോല്‍പ്പിക്കാന്‍ ഫിലിപ്പോസ് തോമസിനായില്ല. അഞ്ച് വര്‍ഷത്തിനിപ്പുറം പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇടത് മുന്നണിക്കുള്ളില്‍ ആവശ്യക്കാരേറെ. ജനാധിപത്യ കേരള കോണ്‍ഗ്രസാണ് ഇതില്‍ ഏറ്റവും മുന്നില്‍. ഫ്രാന്‍സിസ് ജോര്‍ജ്ജ് ഇടുക്കി അംഗമായിരുന്ന സമയത്തെ രണ്ട് മണ്ഡലങ്ങള്‍ ഇപ്പോള്‍ പത്തനംതിട്ടയിലാണ്. മാത്രമല്ല ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍രെ അച്ഛന്‍‍ കെ.എം ജോര്‍ജ്ജിന് സ്വാധീനമുണ്ടായിരുന്ന പുഞ്ഞാര്‍ അടക്കമുള്ള മണ്ഡലങ്ങള്‍ പത്തനംതിട്ട മണ്ഡലത്തിലായതും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്‍റെ അവകാശവാദം.

ഇതിന് പിന്നാലെ തന്നെ എന്‍.സി.പി നേതൃത്വവും പത്തനംതിട്ട ആവശ്യപ്പെട്ട് രംഗത്ത് വന്നു. തോമസ് ചാണ്ടിക്ക് വേണ്ടിയാണ് എന്‍.സി.പി സീറ്റ് ചോദിക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കാന്‍ ചാണ്ടിക്ക് കഴിയുമെന്നാണ് എന്‍.സി.പി അവകാശപ്പെടുന്നത്. എന്‍.സി.പിക്ക് ശക്തിയുള്ള മഹാരാഷ്ട്രയില്‍ സി.പി.എമ്മിന് ജയിക്കാന്‍ കഴിയുന്ന സീറ്റ് നല്‍കുമെന്ന പ്രലോഭനവും എന്‍.സി.പി മുന്നോട്ട് വയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ ആ സീറ്റിനോട് വലിയ താത്പര്യമില്ല. കോട്ടയത്തിന് പകരം പത്തനംതിട്ടയോ തിരുവനന്തപുരമോ ആണ് ജനതാദള്‍ കണ്ണ് വെയ്ക്കുന്നത്.

കോണ്‍ഗ്രസിനെ കൂടാതെ ബി.ജെ.പിയും വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലമാണ് പത്തനംതിട്ട. ശബരിമല നിലനില്‍ക്കുന്ന ജില്ലയില്‍ തോറ്റാല്‍ അത് പ്രതിയോഗികള്‍ പരമാവധി ഉപയോഗിക്കുമെന്ന് സി.പി.എമ്മിനും കൃത്യമായി അറിയാം. അതുകൊണ്ട് സീറ്റ് വിട്ട് നല്‍കിയാലും സി.പി.എമ്മിന് കൂടി താത്പര്യമുള്ളയാളായിരിക്കും പത്തനംതിട്ടയില്‍ ഇടത് കൊടി പിടിക്കുക.