LiveTV

Live

Health

ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

ഇത്രയും സമയം ഇരുത്തത്തിൽ ചെലവഴിക്കുന്നതു തന്നെ മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും മേൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആധുനിക രോഗപര്യവേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്

ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

ഇന്ത്യക്കാരായ നമ്മുടെ മുൻഗാമികൾ ഏറെ ചെയ്തു പരിചയിച്ച കസേരയില്ലാത്ത ഒരു ‘ഇരുത്തം’ ഉണ്ട്. അടുപ്പൂതുമ്പോഴും മീൻ മുറിക്കുമ്പോഴും കൃഷിപ്പണി എടുക്കുമ്പോഴും മുതൽ പ്രാഥമിക കർമങ്ങൾ നിർവ്വഹിക്കുമ്പോഴും പ്രസവിക്കുമ്പോഴും വരെ ഇങ്ങനെ കസേരയില്ലാതെ താഴ്ന്നിരിക്കാൻ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കസേരകളും യൂറോപ്യൻ കക്കൂസുകളും വന്നതോടെ ഈ രീതി ഏറെക്കുറെ കാലഹരണപ്പെട്ടു. നിന്നോ കസേരകളിലിരുന്നോ ജോലി ചെയ്ത്, വാഹനങ്ങിളിരുന്ന് സഞ്ചരിച്ച്, വീട്ടിൽ എത്തിയാൽ വീണ്ടും കസേരകളിലേക്ക് ചായുന്ന ഒരു ജീവിതമാണ് മിക്ക ആളുകളും ഇന്ന് ജീവിക്കുന്നത്. അൽപം വ്യായാമം ചെയ്യുന്ന കൂട്ടത്തിൽ പെട്ടവരായാൽ പോലും ഇത്രയും സമയം ഇരുത്തത്തിൽ ചെലവഴിക്കുന്നതു തന്നെ മനുഷ്യന്റെ ശരീരത്തിനും ആരോഗ്യത്തിനും മേൽ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് ആധുനിക രോഗപര്യവേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിൽ പലയിടങ്ങളിലും പാവപ്പെട്ട വിഭാഗക്കാർക്കിടയിൽ ഇന്നും ഈ ഇരുത്തം പതിവു കാഴ്ചയാണ്. ചൈനയടക്കം ഏഷ്യയുടെ മറ്റും ഭാഗങ്ങളിലെ ആളുകളും ഈ “കുത്തിയിരുത്തം” പരിചയിച്ചവരാണ്. പൊതുശൗചാലയങ്ങളിൽ കൂടുതലായും ഏഷ്യൻ മാതൃകയിലുള്ള കക്കൂസുകൾ കണ്ടു വരുന്ന ചൈനയിൽ മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കാൻ ബുദ്ധിമുട്ടില്ലാത്തവരെ ഇന്നും ധാരാളമായി കാണാം. കാൽപാദങ്ങൾ പരത്തിവെച്ച് പൃഷ്ഠഭാഗം കാൽമുട്ടിനു താഴേക്ക് പോകുന്ന വിധം സുഖകരമായി ഇരിക്കുന്നതാണ് ഈ രീതി. സാമ്പത്തികപദവി മെച്ചപ്പെടുന്നതിനോടൊപ്പം ഇങ്ങനെയുള്ള ഇരുത്തത്തോടും മനുഷ്യർ വിട പറയുന്നു എന്നത് നിരീക്ഷിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

പണ്ടു കാലത്ത് നമ്മൾ ഇരുന്നിരുന്ന രീതിയനുസരിച്ചാണ് നമ്മുടെ ശരീരഘടന പതിയെ പതിയെ വികസിച്ചു വന്നത്. ഉപയോഗത്തിലൂടെ കൈവരിക്കുന്ന കഴിവ് ഉപയോഗമില്ലായ്മയിലൂടെ നഷ്ടപ്പെടുത്താനും സാധിക്കും.

നമ്മുടെ ശരീരത്തിന്റെ സാധാരണ ഘടനയുമായി ഈ ഇരുത്തം വളരെയധികം ഒത്തുപോകുന്നുണ്ടെന്ന് പേശികളും സന്ധികളുമായി പ്രവർത്തിക്കുന്ന ഓസ്റ്റിയോപതി വിദഗ്ധനായ ഫിലിപ്പ് ബീച്ച് പറയുന്നു. പണ്ടു കാലത്ത് നമ്മൾ ഇരുന്നിരുന്ന രീതിയനുസരിച്ചാണ് നമ്മുടെ ശരീരഘടന പതിയെ പതിയെ വികസിച്ചു വന്നത്. ഉപയോഗത്തിലൂടെ കൈവരിക്കുന്ന കഴിവ് ഉപയോഗമില്ലായ്മയിലൂടെ നഷ്ടപ്പെടുത്താനും സാധിക്കും. നമ്മുടെ ഓരോ സന്ധിയിലും ശരീരത്തിലെ കേർട്ടിലേജുകളിലേക്ക് പോഷകം എത്തിക്കുന്ന സൈനോവിയൽ ദ്രാവകം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ അനക്കം കുറയുന്ന ഭാഗങ്ങളിൽ ഈ ദ്രാവകത്തിന്റെ ഉൽപാദനവും കുറയുന്നു. 90 ഡിഗ്രിക്കപ്പുറം വളയാത്ത സന്ധികളിൽ ഈ ദ്രാവകത്തിന്റെ ഉൽപാദനം നിലയ്ക്കുകയും ശരീരത്തിൻറെ ഉത്സാഹവും അയവും അതോടെ നഷ്ടപ്പെടുകയും ചെയ്യുന്നു. കൈയുടെയോ കാലിന്റെയോ സഹായമില്ലാതെ നിലത്തു നിന്ന് എഴുന്നേൽക്കാൻ സാധിക്കാത്തവരുടെ പ്രതീക്ഷിത ജീവിതദൈർഘ്യം മൂന്നു വർഷത്തോളം കുറയുന്നുവെന്നും 2014ൽ നടന്ന ഒരു പഠനം നിരീക്ഷിക്കുന്നുണ്ട്.

ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

പറയുന്നയത്ര എളുപ്പമല്ല കാര്യം. കണങ്കാൽ നിലത്തുനിന്ന് ഉയരാതെയോ കൈകൾ മുന്നോട്ട് വിടർത്താതെയോ ഇരിക്കുക എന്നത് ശീലമില്ലാത്തവർക്ക് കഠിനമായി തോന്നാം. ചിലർക്ക് പേശികളിൽ വേദനയും അനുഭവപ്പെടാം. ചിലർ മറിഞ്ഞു വീഴാം. എങ്കിലും പരിശീലനത്തിലൂടെ പതിയെ സാധിച്ചെടുക്കാം. ഈ കഴിവ് നമ്മൾ നേടിയെടുക്കേണ്ടതല്ല, നമുക്ക് നഷ്ടപ്പെട്ടു പോയതാണെന്ന് ചെറിയ കുട്ടികളെ നിരീക്ഷിച്ചാൽ മനസ്സിലാവും.

എളുപ്പത്തിൽ താഴ്ന്നിരിക്കാൻ സാധിക്കുന്നവരുടെ കാലിന്റെ മൂന്നു പ്രധാന ഭാഗങ്ങളുടെ - കണങ്കാൽ, മുട്ട്, ഇടുപ്പ്- പ്രവർത്തനവും തലച്ചോറുമായുള്ള ഈ അവയവങ്ങളുടെ ബന്ധവും ഏറെ മെച്ചപ്പെട്ടതാണ്. ഇടുപ്പിൻറെ ആരോഗ്യം നട്ടെല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ “കുത്തിയിരുത്തം” ശരീരത്തെ കൂടുതൽ ഊർജ്ജസ്വലവും ചെറുപ്പവുമാക്കാൻ സഹായിക്കുന്നു. നടുവേദനയും കണങ്കാൽ വേദനയും കുറയ്ക്കാനും ഇടുപ്പിന് ശക്തി കൂട്ടാനും ശരീരഭാവം (posture) നന്നാക്കാനും മടങ്ങിയിരുത്തത്തിന് കഴിയും എന്ന് ഫിസിയോതെറാപ്പി വിദഗ്ധർ നിർദ്ദേശിക്കുന്നുണ്ട്.

കണങ്കാൽ നിലത്തുനിന്ന് ഉയരാതെയോ കൈകൾ മുന്നോട്ട് വിടർത്താതെയോ ഇരിക്കുക എന്നത് ശീലമില്ലാത്തവർക്ക് കഠിനമായി തോന്നാം. ചിലർക്ക് പേശികളിൽ വേദനയും അനുഭവപ്പെടാം. ചിലർ മറിഞ്ഞു വീഴാം. എങ്കിലും പരിശീലനത്തിലൂടെ പതിയെ സാധിച്ചെടുക്കാം.

ഇത്തരത്തിൽ ഇരുന്നും എഴുന്നേറ്റും ശീലിച്ചവർക്ക് വീണ് പരിക്കേൽക്കാനുള്ള സാധ്യത കുറവാണെന്നും അമേരിക്കൻ വ്യായാമവിദഗ്ധയായ സോഞ്ജാ ജൊഹാൻസൺ പറയുന്നുണ്ട്. വാർധക്യകാലത്ത് എളുപ്പം വീഴ്ചയിൽ അപകടം പറ്റുന്ന സാധ്യത ഒഴിവാക്കാൻ ചെറുപ്പത്തിൽ തന്നെ ഈ ഇരുത്തം സ്വായത്തമാക്കുന്നത് നല്ലതാണ്. ആയോധനകലകൾ അഭ്യസിക്കുന്നവർ കസേരയില്ലാത്ത ഇരുത്തം പതിവാക്കുന്നതും ഇതേ കാരണത്താലാണ്.

ഒന്ന് കുത്തിയിരിക്കീൻ! കസേരയില്ലാതെ ഇരിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

മടങ്ങിയിരിക്കുന്നത് പ്രാഥമികാവശ്യങ്ങളുടെ നിർവ്വഹണം കൂടുതൽ സുഗമമാക്കും എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മലാശയവും മലദ്വാരവും തമ്മിലുള്ള കോൺ (anorectal angle) നേരെയാവുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ഇത് തമാശയല്ല. മലദ്വാരത്തിലെ ഞരമ്പുകളെ ബാധിക്കുന്ന ഹെമറോയിഡ്സ് എന്ന വേദനാജനകമായ അസുഖത്തിൽ നിന്ന് മുക്തി നൽകാൻ മടങ്ങിയിരുന്നുള്ള കക്കൂസ് ഉപയോഗത്തിന് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ടിൽ ഒരാൾക്ക് ഹെമറോയിഡ് അസുഖം കാണപ്പെടുന്ന അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും ഇന്ന് കാലുകൾ കയറ്റിവെക്കാൻ സഹായിക്കുന്ന തട്ടുകൾക്ക് കുളിമുറികളിൽ ഏറെ പ്രചാരം ലഭിക്കുകയാണ്.

ശരീരത്തെ മാത്രമല്ല, മനസ്സിനെയും മണ്ണിലേക്ക് അടുപ്പിച്ചിരുന്ന ഒരു കാലത്തിന്റെ ശേഷിപ്പാണ് അഹംഭാവങ്ങളില്ലാത്ത മനുഷ്യന്റെ ഈ ഇരുത്തം. എവിടെയും ഞെളിഞ്ഞിരിക്കുന്ന മനുഷ്യന് സ്വന്തം ദുർബ്ബലതകളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്.

കടപ്പാട്: ക്വാർട്സ്, സ്ലേറ്റ്, യു.എസ് ന്യൂസ്, അറ്റ്ലാൻറിക്