LiveTV

Live

Kerala

ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രമെന്ന് ടി.വി രാജേഷ് എം.എല്‍.എ

 ഷുക്കൂര്‍ വധക്കേസ്; പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കണ്ണൂരിലെ എം.എസ്.എഫ് പ്രവര്‍ത്തകന്‍‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലക്കുറ്റം ചുമത്തി. തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കൊപ്പം കൊലക്കുറ്റവും ചുമത്തിയത്.

ഐ.പി.സി 302, 120 ബി വകുപ്പുകളാണ് പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും സി.ബി.ഐ ചുമത്തിയത്. കേസില്‍ പി.ജയരാജന്‍ 32 ഉം ടി.വി രാജേഷ് 33ഉം പ്രതിയാണ്. നേരത്തെ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2012 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ്‌ പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയിൽ അബ്ദുൽ ഷുക്കൂർ (24) എന്ന യുവാവിനെ വള്ളുവൻ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ദിവസം രാവിലെ പ്രദേശത്തെ സി.പി.എം ഓഫീസ് അക്രമിക്കപ്പെട്ടതറിഞ്ഞ് ഇവിടം സന്ദര്‍ശിക്കാനെത്തിയ ജയരാജനും രാജേഷിനും നേരെ അക്രമം നടന്നിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ആശുപത്രിയിലെ 415 ആം നമ്പര്‍ മുറിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

രണ്ടുമാസത്തിനുളളില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നേരത്തെ സുപ്രീം കോടതി സി.ബി.ഐയോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ കുറ്റപത്രം തലശേരി സെക്ഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കാന്‍ സി.ജെ.എം നിര്‍ദേശിക്കുകയായിരുന്നു.

കേസില്‍ സി.പി.എം അരിയില്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന യു.വി വേണു ഉള്‍പ്പടെ 33 പ്രതികളാണുളളത്. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഷുക്കൂര്‍ വധക്കേസിലെ കുറ്റപത്രമെന്ന് ടി.വി രാജേഷ് എം.എല്‍.എ പ്രതികരിച്ചു. വിചിത്രമായ കേസാണിതെന്നും ടി.വി രാജേഷ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്ന യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലമാണ് ‌കുറ്റപത്രമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

സി.പി.എമ്മിന് രാഷ്ട്രീയമായി പ്രതികൂലമാകുന്നതാണ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ സി.ബി.ഐ കുറ്റപത്രം. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കണ്ണൂര്‍ ജില്ലയിലെ പ്രധാന നേതാക്കളായ പി. ജയരാജനെയും ടി. വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തിയ സി.ബി.ഐ നടപടി സി.പി.എമ്മിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കുന്നതാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ യു.ഡി.എഫ് ഇത് പ്രധാന വിഷയവുമാക്കും. ഇതിനെ സാധൂകരിക്കുന്നതാണ് യു.ഡി.എഫ് നേതാക്കളുടെ ആദ്യ പ്രതികരണം.

അരിയില്‍ ഷുക്കൂര്‍ വധക്കേസ് ദുർബലപ്പെടുത്താൻ ശ്രമം നടന്നുവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പി. ജയരാജൻ പ്രതിയാണെന്ന കാര്യത്തില്‍ ബോധ്യമുണ്ട്. കൊലക്കുറ്റം ചുമത്തിയ സി.ബി.ഐ നടപടി സ്വാഗതാർഹമെന്നും കെ.പി.എ മജീദ് പറഞ്ഞു.

അരിയില്‍‌ ഷുക്കൂർ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സ്വാഗതാർഹമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗുണ്ടാപ്പട പ്രവർത്തിക്കുന്നുണ്ട്. ടി.പി വധക്കേസും സി.ബി.ഐ അന്വേഷിച്ചാൽ സി.പി.എം ഉന്നത നേതാക്കൾ ഇരുമ്പഴിക്കുള്ളിൽ ആകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഷുക്കൂര്‍ വധക്കേസില്‍ നീതി നടപ്പാകട്ടെയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഷുക്കൂറിന്റെ ഉമ്മയുടെ കണ്ണീര്‍ കാണാതിരിക്കാനാണ് കേസ് സി.ബി.ഐക്ക് വിട്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു. ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഷുക്കൂര്‍ വധക്കേസ് സി.ബി.ഐക്ക് വിട്ടത്.