കാരാട്ട് റസാഖിന്റെ അയോഗ്യതക്ക് സുപ്രിം കോടതിയുടെ സ്റ്റേ
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോടതി റസാഖിന് അനുമതി നല്കി.

കൊടുവള്ളി തെരഞ്ഞെടുപ്പ് കേസില്‍ കാരാട്ട് റസാഖിന് സുപ്രിം കോടതിയില്‍ നിന്ന് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. നിയമസഭയില്‍ പ്രവേശിക്കാന്‍ കാരാട്ട് റസാഖിന് കോടതി അനുമതി നല്കി. എന്നാല്‍ വോട്ടവകാശവും ആനുകൂല്യവുമുണ്ടാകില്ല.
ജനുവരി 17നാണ് കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.എ.റസാഖിനെ വ്യക്തിപരമായി അധിക്ഷേപിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്ന പരാതിയിലായിരുന്നു ഉത്തരവ്. ഇതിനെതിരെ കാരാട്ട് റസാഖിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി സ്റ്റേ ചെയ്തു. റസാഖിന് എം.എല്‍.എ ആയി തുടരാം. നിയമസഭയില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടവകാശം ഉണ്ടാകില്ല. മറ്റാനുകൂല്യങ്ങളും ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്.കെ കൌള്‍ ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബഞ്ചിന്റെതാണ് ഉത്തരവ്. അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ കെ.എം ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ സുപ്രീം കോടതി മുന്നോട്ട് വെച്ച അതേ ഉപാധികള്‍ തന്നെയാണ് കാരാട്ട് റസാഖിനുമുളളത്.