LiveTV

Live

Kerala

ദേവികുളം സബ്കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രിയും കാനവും

എന്നാൽ സബ് കലക്ടർക്കെതിരായ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഭാഷാ പ്രയോഗം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

 ദേവികുളം സബ്കലക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രിയും കാനവും

ഒരിടവേളക്ക് ശേഷം മൂന്നാർ വിഷയം ഇടത് മുന്നണിക്കുള്ളിൽ ചർച്ചയാകുന്നു. ദേവികുളം സബ് കലക്ടർക്ക് പൂർണ്ണ പിന്തുണ നല്‍കി സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തെത്തി. എന്നാൽ സബ് കലക്ടർക്കെതിരായ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ഭാഷാ പ്രയോഗം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കലക്ടർ ആയിരുന്ന സമയത്താണ് മൂന്നാർ വിഷയത്തിൽ സി.പി.എമ്മും സി.പി.ഐയും ഇതിന് മുൻപ് പരസ്യമായ പോരിലേർപ്പെട്ടത്.അന്ന് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെയും റവന്യൂ മന്ത്രിയുടെയും പിന്തുണ സബ് കലക്ടർക്ക് ലഭിച്ചപ്പോൾ സി.പി.എം ഇടുക്കി ജില്ല നേതൃത്വം ഉദ്യോഗസ്ഥർക്കെതിരെ പരസ്യമായി രംഗത്ത് വന്നു. എന്നാൽ അതിൽ നേരിയ വ്യത്യാസം നിലവിലെ സാഹചര്യത്തിലുണ്ട്. പഴയ പോലെ സി.പി.ഐയുടേയും റവന്യൂ മന്ത്രിയുടെ പൂർണ്ണ പിന്തുണ സബ് കലക്ടർ രേണു രാജിനുണ്ട്.

എന്നാൽ സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ വെട്ടിലായിരിക്കുകയാണ്. സ്ത്രീ സമത്വത്തിന് വേണ്ടി വലിയ വാദങ്ങൾ ഉന്നയിക്കുന്നതിനിടയിൽ ഒരു വനിത ഉദ്യോഗസ്ഥക്കെതിരെ പാർട്ടിയുടെ എം.എൽ.എ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതാണ് പാർട്ടി നേതൃത്വത്തിന് തിരിച്ചടിയായത്.ഈ സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ കൂടി നിർദ്ദേശാനുസരമാണ് എസ് രാജേന്ദ്രൻ എം.എൽ.എയോട് വിശദീകരണം തേടാൻ സി.പി എം ജില്ലാ നേതൃത്വം തയ്യാറായത്.

രാജേന്ദ്രനെതിരെ വനിത കമ്മീഷൻ കേസ് കൂടി എടുത്ത സാഹചര്യത്തിൽ എം.എൽ.എക്കെതിരെ പാർട്ടി നടപടിയെടുക്കാനുള്ള സാധ്യതയും ഉയർന്ന് വരുന്നുണ്ട്. അതേ സമയം പഞ്ചായത്തിനെതിരായ സബ് കലക്ടറുടെ നടപടിയുമായി ബന്ധപ്പെട്ട് സി. പി.എം ഇതു വരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിന് തൊട്ട്മുൻപത്തെ സി.പി.എം - സി.പി.ഐ പോര് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്ന ആശങ്ക മറ്റ് ഘടകകക്ഷികൾക്കുണ്ട്.

ദേവികുളം സബ്കലക്ടറുടെ നടപടി ശരിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. നിയമലംഘനം ആര് നടത്തിയാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.