LiveTV

Live

Kerala

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റി; മുല്ലക്കര രത്നാകരന് താല്‍കാലിക ചുമതല

എന്‍. അനിരുദ്ധന്‍ നല്‍കിയ രാജികത്ത് സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിക്കുകയായിരുന്നു.

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റി; മുല്ലക്കര രത്നാകരന് താല്‍കാലിക ചുമതല

സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍. അനിരുദ്ധനെ നീക്കി. ഇന്ന് ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. കഴിഞ്ഞ ദിവസം അനിരുദ്ധന്‍ സംസ്ഥാന ഘടകത്തിന് നല്‍കിയ രാജിക്കത്ത് യോഗം അംഗീകരിച്ചു. അനിരുദ്ധനെ നീക്കാന്‍ നേരത്തെ നീക്കം നടന്നിരുന്നെങ്കിലും ജില്ലാ കൌണ്‍സിലിലെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നടപ്പായിരുന്നില്ല.

ഒരേ സമയം മൂന്ന് ഭാരവാഹിത്വം പാടില്ലെന്ന വാദം നിരത്തിയായിരുന്നു എന്‍. അനിരുദ്ധനെ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന എക്സിക്യൂട്ടീവ് മൂന്നാഴ്ച മുമ്പ് തീരുമാനിച്ചത്. ആര്‍. രാജേന്ദ്രനെ സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാന ഘടകം നിര്‍ദ്ദേശിക്കുകയും ചെയ്തു. സംസ്ഥാന നേതൃതീരുമാനം സംസ്ഥാന സെക്രട്ടറി കൊല്ലം ജില്ലാ കൌണ്‍സിലില്‍ നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കാനത്തിന്റെ സാന്നിധ്യത്തില്‍ തന്നെ കൊല്ലം ജില്ലാ കൌണ്‍സിലില്‍ രൂക്ഷമായി തര്‍ക്കമുണ്ടായി. അനിരുദ്ധനെ മാറ്റുന്നെങ്കില്‍ പി.എസ് സുപാലിനെ ജില്ലാ സെക്രട്ടറി ആക്കണമെന്നായിരുന്നു ജില്ലാ കൌണ്‍സിലില്‍ ഉണ്ടായ ഭൂരിപക്ഷാഭിപ്രായം ഇതോടെ അനിരുദ്ധന്‍ തത്കാലം തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുാനം ജില്ലാ കൌണ്‍സില്‍ അംഗീകരിക്കാത്തത് വിഭാഗീയതയാണെന്ന വിമര്‍ശനം പിന്നീട് ചേര്‍ന്ന സംസ്ഥന എക്സിക്യൂട്ടീവില്‍ ഉയര്‍ന്നു. അനിരുദ്ധനെ മാറ്റാനുള്ള തീരുമാനം നടപ്പാക്കാനും തീരുമാനിച്ചു. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിന് അനിരുദ്ധന്‍ രാജിക്കത്ത് നല്‍കി. ഇത് പരിഗണിച്ചാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.

മുല്ലക്കര രത്നാകരനാണ് താത്കാലിക ചുമതല. നാളെ കൊല്ലത്ത് ചേരുന്ന ജില്ലാ കൌണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിയെ തീരുമാനിക്കുമെന്നാണ് സൂചന. അതേസമയം സംസ്ഥാന നേതൃത്വം ആര്‍ രാജേന്ദ്രനെ നിര്‍ദേശിക്കുന്പോള്‍ ജില്ലാകൌണ്‍സിലില്‍ കൂടുതല്‍ പിന്തുണ പി എസ് സുപാലിന് ലഭിക്കുകയാണെങ്കില്‍ സംസ്ഥാനനേതൃത്വത്തിന് വീണ്ടും തലവേദനയാകും