LiveTV

Live

Kerala

രാമനാട്ടുകരയില്‍ ബസിന് നേരെ തോക്ക് ചൂണ്ടിയ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍ 

ബസിനെ മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു സംഭവം.

രാമനാട്ടുകരയില്‍ ബസിന് നേരെ തോക്ക് ചൂണ്ടിയ വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍ 

കോഴിക്കോട് രാമനാട്ടുകര ദേശീയപാത ബൈപാസില്‍ ടൂറിസ്റ്റ് ബസിന് നേരെ കാറിലെത്തിയ വിദ്യാര്‍ത്ഥികള്‍ തോക്ക് ചൂണ്ടി. ബസിനെ മറികടക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലായിരുന്നു സംഭവം. കാറില്‍ സഞ്ചരിച്ച രണ്ട് ബിരുദ വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍പിസ്റ്റള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെടുത്തു.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. രാമനാട്ടുകാര മേല്‍പ്പാലത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ടൂറിസ്റ്റ് ബസിനെ മറികടന്നു. കാര്‍ സൈഡ് കൊടുക്കാതിരുന്നപ്പോള്‍ ഹോണടിച്ച ബസിന് നേരെ വിദ്യാര്‍ത്ഥികള്‍ തോക്കു ചൂണ്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ബസില്‍ സഞ്ചരിച്ചവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫറോക്ക് പൊലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് തന്നെ ബസ് സ്ഥലം വിട്ടിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ കാര്‍ കസ്റ്റഡിയിലെടുത്തു.

മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയുടെ കാര്‍ വിദ്യാര്‍ത്ഥികള്‍ വാടകക്ക് എടുത്തതാണെന്നാണ് പൊലീസ് പറയുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ തമാശക്ക് ബസിന് നേരെ ചൂണ്ടിയതായാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴി. ബസ് ഡ്രൈവറെയടക്കം പൊലീസ് ബന്ധപ്പെട്ടെങ്കിലും പരാതിയില്ലെന്നാണ് അറിയിച്ചത്. ഇതിനാല്‍ സംഭവത്തില്‍ കേസെടുത്തില്ല.