LiveTV

Live

Kerala

ശബരിമല പ്രവേശനത്തിന് സംരക്ഷണം വേണം; യുവതികള്‍ പൊലീസിനെ സമീപിച്ചു

37 പേരാണ് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചത്. ഇതില്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടും. സമൂഹ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിലും യുവതികളെത്തുമെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

ശബരിമല പ്രവേശനത്തിന് സംരക്ഷണം വേണം; യുവതികള്‍ പൊലീസിനെ സമീപിച്ചു

കുംഭമാസ പൂജയ്ക്കായി നടതുറക്കുമ്പോള്‍ ദര്‍ശനത്തിന് പൊലീസിനോട് സംരക്ഷണം തേടിയിരിക്കുന്നത് 37 പേര്‍. യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് ദര്‍ശനത്തിന് സംരക്ഷണം തേടിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ ഇവര്‍ക്ക് പൊലീസ് മറുപടി നല്‍കുകയുള്ളൂ.

കുംഭമാസ പൂജയ്ക്കായി ഈ വരുന്ന 12ന് വൈകിട്ടാണ് ശബരിമല നടതുറക്കുന്നത്. ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 37 പേര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ അപേക്ഷകര്‍ക്ക് ഇതുവരെ സേന മറുപടി നല്‍കിയിട്ടില്ല. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്. ഇത്തവണയും സംഘര്‍ഷ സാധ്യത ശബരിമലയില്‍ ഉണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുവതി പ്രവേശനം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ഹിന്ദു സംഘടനകള്‍ ശ്രമിക്കും. വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുംഭമാസ പൂജകള്‍ക്കായി വിപുലമായ സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. മൂവായിരത്തിലധികം പേരുടെ സേനാവിന്യാസം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഉണ്ടാകും. സുരക്ഷ പൊലീസ് ആസ്ഥാനത്ത് നിന്ന് നേരിട്ട് വിലയിരുത്തുകയും ചെയ്യും.