സബ് കലക്ടറെ അധിക്ഷേപിച്ച എസ്. രാജേന്ദ്രന് എം.എല്‍.എ ഖേദം പ്രകടിപ്പിച്ചു
തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് എം.എല്‍.എ.

ദേവികുളം സബ്കലക്ടര്‍ രേണു രാജിനോട് മോശമായി പെരുമാറിയ എം.എല്‍.എ എസ്. രാജേന്ദ്രന് ഖേദം പ്രകടിപ്പിച്ചു. എം.എല്‍.എയോട് സി.പി.എം വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി. തന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രാജേന്ദ്രന് എം.എല്‍.എ പ്രതികരിച്ചു.
ഓള്‍ഡ് മൂന്നാറില്‍ മുതിരപ്പെരിയാറിന് സമീപം മൂന്നാര്‍ പഞ്ചായത്ത് നിര്‍മിക്കുന്ന വനിതാവ്യവസായ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ് രാജേന്ദ്രന് എം.എല്‍.എ ദേവികുളം സബ്കലക്ടറെ ആക്ഷേപിച്ചത്. റവന്യു വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കാതെയാണ് പഞ്ചായത്ത് നിര്‍മാണം നടത്തിയത്. അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരേയും പൊലീസിനേയും ഭൂസംരക്ഷണസേനയേയും എസ് രാജേന്ദ്രന് എം.എല്‍.എയും മൂന്നാര്‍ പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് മടക്കി അയക്കുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് എം.എല്‍.എയോട് വിശദീകരണം തേടാന്‍ സി.പി.എം തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് എം.എല്‍.എ ഖേദപ്രകടനം നടത്തിയത്.
റവന്യൂ എന്‍.ഒ.സി ഇല്ലാത്ത പഞ്ചായത്ത് കെട്ടിടത്തിന് സ്റ്റോപ് മെമ്മൊ ലഭിച്ചിട്ടും നിര്‍മാണം തുടര്‍ന്നതിനാല്‍ അത് കോടതിയലക്ഷ്യമാണെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ നല്‍കുമെന്നും ദേവികുളം സബ് കലക്ടര്‍ പറഞ്ഞു.